വരുമാനത്തിൽ പുതിയ നാഴികക്കല്ലുകൾ പിന്നിട്ട് ഐപിഎൽ

വരുമാനത്തിൽ പുതിയ നാഴികക്കല്ലുകൾ പിന്നിട്ട് ലോകത്തെ ഏറ്റവും വലിയ സ്പോർട്സ് ലീഗുകളിൽ ഒന്നായ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ). ഡ്രീംഇലവൻ അടക്കമുള്ള ഓൺലൈൻ മണി ഗെയിമിംഗ് ആപ്പുകൾക്ക് കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇത് ഐപിഎല്ലിന്റെ വരുമാനത്തെ ബാധിക്കുമെന്ന് ആശങ്കകളുണ്ടായിരുന്നെങ്കിലും ഐപിഎല്ലിന്റെ പത്തൊമ്പതാം സീസൺ പാതിവഴിയിൽ മാത്രം ആയപ്പോൾത്തന്നെ സ്പോൺസർഷിപ്പ് വരുമാനം മാത്രം 1,000 കോടി പിന്നിട്ടിരിക്കുകയാണ്.
മുൻ സീസണുകളിൽ ടീമുകളുടെയും ടിവി സംപ്രേക്ഷകരുടെയും പ്രധാന വരുമാനമാർഗം ഓൺലൈൻ ഫാന്റസി ഗെയിമിംഗ് കമ്പനികളായിരുന്നു. ഡ്രീംഇലവൻ, മൈഇലവൻസർക്കിൾ, മൊബൈൽ പ്രീമിയർലീഗ്, ഗെയിംസീ തുടങ്ങിയവയായിരുന്നു ഐപിഎല്ലുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ഗെയിമിംഗ് കമ്പനികൾ. ഇതിൽ ഡ്രീംഇലവൻ ഐപിഎല്ലിന്റെയും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെയും പ്രധാന സ്പോൺസർമാരിൽ ഒന്നായിരുന്നു.
സ്പോൺസർഷിപ്പ് 1,000 കോടി
ഈ സീസണിൽ ടീമുകളുടെ സ്പോൺസർഷിപ്പ് വരുമാനം മാത്രം 1,000 കോടി പിന്നിട്ടിരിക്കുകയാണ്. ചരിത്രത്തിൽ ആദ്യമായാണ് സ്പോൺസർഷിപ്പ് തുക നാലക്കത്തിൽ എത്തുന്നത്. ഓൺലൈൻ ഫാന്റസി കമ്പനികൾ പിന്മാറിയ സ്ഥാനത്തേക്ക് ഫിൻടെക്, റിന്യൂവബിൾ എനർജി, ടെക്നോളജി കമ്പനികൾ എത്തിയതാണ് വരുമാനം വർധിപ്പിച്ചത്. ഇന്ത്യൻ ഉപയോക്താക്കളുടെ മനസിലേക്ക് എളുപ്പത്തിലെത്താൻ ക്രിക്കറ്റ് നല്ലൊരു മാധ്യമമാണെന്ന തിരിച്ചറിവിലാണ് കമ്പനികൾ ഐപിഎല്ലിൽ കൂടുതൽ നിക്ഷേപം നടത്തുന്നത്.
സഞ്ജു സാംസൺ കളിക്കുന്ന ചെന്നൈ സൂപ്പർകിംഗ്സിന്റെ ടൈറ്റിൽ സ്പോൺസർ എത്തിഹാദ് എയർവെയ്സ് ആണ്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ പ്രധാന സ്പോൺസർ നത്തിംഗ് മൊബൈൽ ആണ്. വിഡ ഇവി, ഹീറോ മോട്ടോർകോർപ്, ഡിപി വേൾഡ്, പ്യൂമ, ഖത്തർ എയർവെയ്സ്, ഐഡിഎഫ്സി ബാങ്ക്, അശോക് ലെയ്ലാൻഡ്, ഗൾഫ് ഓയിൽ തുടങ്ങി കോർപറേറ്റ് ലോകത്തെ വമ്പൻ കമ്പനികളെല്ലാം സ്പോൺസർഷിപ്പുമായി കളത്തിലുണ്ട്.
ഓൺലൈൻ ഗെയിമിംഗ് കമ്പനികളുടെ പിന്മാറ്റം വരുമാനത്തിൽ വൻതോതിൽ ഇടിവുണ്ടാക്കുമെന്ന് ആശങ്ക ബിസിസിഐയ്ക്കുണ്ടായിരുന്നു. എന്നാൽ വിപണി മൂല്യത്തിലും ബ്രാൻഡെന്ന നിലയിലും ഐപിഎല്ലിന്റെ വളർച്ച വർധിക്കുന്നതിനാണ് 2026 സീസൺ സാക്ഷ്യം വഹിക്കുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വരുമാനം പലവിധം
ടീമുകൾക്കും സംഘാടകർക്കും വരുമാനം പലവഴിയിലാണ് ലഭിക്കുന്നത്. ഏറ്റവും കൂടുതൽ വരുമാനം മീഡിയ റൈറ്റ്സ് വില്പനയിലൂടെയാണ്. സ്റ്റാർസ്പോർട്സ്, ജിയോഹോട്ട്സ്റ്റാർ അടുത്ത അഞ്ചുവർഷത്തെ മീഡിയ റൈറ്റ്സ് സ്വന്തമാക്കിയത് 48,000 കോടി രൂപയ്ക്കാണ്. ഇതിന്റെ ഒരു വിഹിതം ടീമുകൾക്കും ലഭിക്കും. ലീഗിലെ ഓരോ മത്സരവും ശരാശരി 140-150 കോടി രൂപയുടെ വരുമാനം ഉണ്ടാക്കുന്നുവെന്നാണ് കണക്ക്. ടിക്കറ്റ് വില്പനയിലൂടെ മാത്രം അഞ്ചുമുതൽ 40 കോടി രൂപ വരെ ലഭിക്കുന്നു.



