ബിജെപിയിൽ വൻ ഫണ്ട് തട്ടിപ്പ്: തെളിവുകളുമായി ഭാരവാഹിയുടെ കത്ത് പുറത്ത്

കേരളത്തിലെ ബിജെപിയെ പിടിച്ചുകുലുക്കി വീണ്ടുമൊരു തിരഞ്ഞെടുപ്പ് ഫണ്ട് വിവാദം. നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ടിൽ വ്യാപക ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച്, തട്ടിപ്പുകൾക്ക് നേരിട്ട് സാക്ഷിയായ ഒരു സംസ്ഥാന ഭാരവാഹി ദേശീയ ഓർഗനൈസിങ് സെക്രട്ടറി ബി.എൽ. സന്തോഷിന് അയച്ച കത്താണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ക്രമക്കേട് നടത്തിയ നേതാക്കളുടെ പേരും പദവിയും അവർ തട്ടിയെടുത്ത തുകയുടെ കൃത്യമായ കണക്കുകളും കത്തിൽ അക്കമിട്ട് നിരത്തുന്നുണ്ട്. പ്രചാരണച്ചുമതല ഉണ്ടായിരുന്ന താൻ ഈ അഴിമതികളെല്ലാം തെളിയിക്കാൻ തയാറാണെന്നും കത്തിൽ അവകാശപ്പെടുന്നു. എന്നാൽ കത്തിലെ ആരോപണങ്ങളെക്കുറിച്ച് ബിജെപി നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.



