പ്രസവ ശസ്ത്രക്രിയയ്ക്ക് പിന്നാലെ അണുബാധ… വേദന പറഞ്ഞിട്ടും പരിശോധിച്ചില്ല… നെയ്യാറ്റിൻകര ജില്ലാ ആശുപത്രിക്കെതിരെ….

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകര ജില്ലാ ആശുപത്രിക്കെതിരെ ഗുരുതരമായ ചികിത്സാപ്പിഴവ് ആരോപണവുമായി ഒരു കുടുംബം രംഗത്ത്. പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷം കൃത്യമായ പരിചരണവും ചികിത്സയും ഉറപ്പാക്കിയില്ലെന്നാണ് നെയ്യാറ്റിൻകര സ്വദേശിയായ സജിത എന്ന യുവതിയും കുടുംബവും ആരോപിക്കുന്നത്. നിലവിൽ അണുബാധയെത്തുടർന്ന് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് യുവതി. കഴിഞ്ഞ ഫെബ്രുവരി ആറിനായിരുന്നു നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ സജിതയുടെ പ്രസവ ശസ്ത്രക്രിയ നടന്നത്. ഇതിനൊപ്പം തന്നെ പ്രസവം നിർത്താനുള്ള ശസ്ത്രക്രിയയും ചെയ്തിരുന്നു.

ശസ്ത്രക്രിയയ്ക്ക് തൊട്ടുപിന്നാലെ സജിതയ്ക്ക് കടുത്ത പനിയും അസഹനീയമായ വയറുവേദനയും അനുഭവപ്പെട്ടിരുന്നു. ഡിസ്ചാർജ് ചെയ്യുന്നതിന് മുൻപ് തന്നെ തനിക്കുണ്ടാകുന്ന കടുത്ത ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ രേണുകയോട് സംസാരിച്ചിരുന്നതായി സജിത പറയുന്നു. എന്നാൽ മതിയായ പരിശോധനകൾ നടത്താൻ ഡോക്ടർ തയ്യാറായില്ലെന്നാണ് യുവതിയുടെ പരാതി. സഹിക്കാൻ വയ്യാത്ത വേദനയാണ് ഞാൻ അനുഭവിച്ചത്. എന്നാൽ കൃത്യമായി പരിശോധിക്കുന്നതിന് പകരം വെള്ളം കുടിക്കാത്തതുകൊണ്ടാണ് പഴുപ്പ് വരുന്നത് എന്ന് പറഞ്ഞ് ഡോക്ടർ എന്നെ അസ്വസ്ഥപ്പെടുത്തുന്ന രീതിയിലാണ് സംസാരിച്ചത്. പിന്നീട് മറ്റ് ആശുപത്രിയിൽ എത്തിച്ച് നടത്തിയ സ്കാനിങ്ങിലാണ് വയറ്റിൽ കടുത്ത അണുബാധയുണ്ടെന്ന് കണ്ടെത്തിയത്. എന്ന് സജിത പറഞ്ഞു.

കഴിഞ്ഞ ഒൻപത് ദിവസമായി സജിത തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. തന്റെ മകൾ ഇപ്പോൾ അനുഭവിക്കുന്നത് ദുരിത ജീവിതമാണെന്ന് സജിതയുടെ മാതാവ് കണ്ണീരോടെ പ്രതികരിച്ചു. വയറ്റിലെ പഴുപ്പ് പൂർണ്ണമായി നീക്കം ചെയ്യണമെങ്കിൽ സജിതയ്ക്ക് വീണ്ടുമൊരു ശസ്ത്രക്രിയ കൂടി നടത്തേണ്ടി വരുമെന്നാണ് ഡോക്ടർമാർ കുടുംബത്തെ അറിയിച്ചിട്ടുള്ളത്. അതേസമയം, യുവതിയുടെയും കുടുംബത്തിന്റെയും ഈ ഗുരുതരമായ ചികിത്സാപ്പിഴവ് ആരോപണങ്ങളെ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലെ ഡോക്ടർ രേണുക പൂർണ്ണമായും നിഷേധിച്ചു. സജിതയ്ക്ക് കൃത്യമായ ചികിത്സ തന്നെയാണ് നൽകിയതെന്നും പ്രൊസീജിയറിൽ യാതൊരുവിധ വീഴ്ചയും ഉണ്ടായിട്ടില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തിൽ കുടുംബം ആരോഗ്യവകുപ്പിനും പോലീസിനും പരാതി നൽകാനൊരുങ്ങുകയാണ്.

Related Articles

Back to top button