മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തൽ… തമിഴ്നാടിന്റെ നീക്കം പ്രകോപനമെന്ന് ഡീൻ കുര്യാക്കോസ്

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാട് സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരെ ശക്തമായ പ്രതികരണവുമായി ഡീൻ കുര്യാക്കോസ് എംപി. തമിഴ്നാട് അനാവശ്യമായി പ്രകോപനം സൃഷ്ടിക്കുകയാണെന്നും “തീക്കൊള്ളി കൊണ്ട് തലചൊറിയരുത്” എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. കേരളത്തിന്റെ സുരക്ഷ മുൻനിർത്തി പുതിയ അണക്കെട്ട് നിർമ്മിക്കണമെന്ന നിലപാടിലാണ് സംസ്ഥാനമെന്നും, അതിനായാണ് കേരളം മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാടിന് ദോഷമുണ്ടാക്കുന്ന ഒരു നടപടിയും കേരളം സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്തിയാൽ കേരളത്തിന് വലിയ ദുരന്തമുണ്ടാകുമെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇത്തരമൊരു പ്രഖ്യാപനം ജനങ്ങളിൽ അനാവശ്യ ആശങ്ക സൃഷ്ടിക്കുകയാണെന്നും ഡീൻ കുര്യാക്കോസ് ആരോപിച്ചു. മുല്ലപ്പെരിയാർ വിഷയം നിലവിൽ ദേശീയ ഡാം സുരക്ഷാ അതോറിറ്റിയുടെ പരിഗണനയിലാണെന്നും പരിശോധനകൾ നടക്കാനിരിക്കെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അണക്കെട്ട് തകർന്നാൽ കേരളത്തിന് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ പുതിയ ഡാമിനെക്കുറിച്ചുള്ള ചർച്ചകളാണ് മുന്നോട്ട് കൊണ്ടുപോകേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, തമിഴ്നാട് സർക്കാരുമായി മുഖ്യമന്ത്രി നേതൃത്വത്തിൽ ചർച്ച നടത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് അറിയിച്ചു. ജലനിരപ്പ് ഉയർത്താനുള്ള തമിഴ്നാടിന്റെ നിലപാട് ദൗർഭാഗ്യകരമാണെന്നും, കേരളത്തിന്റെ ആശങ്കകളും സുരക്ഷാ വിഷയങ്ങളും ചർച്ചയിൽ ശക്തമായി ഉന്നയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.



