‘എനിക്ക് സ്വർണ്ണക്കടത്തുമായി ഒരു ബന്ധവുമില്ല, അവർക്ക് ആളുമാറിയതാകും’…. കരിപ്പൂർ സ്വർണ്ണം പൊട്ടിക്കൽ സംഘത്തിന്റെ ലക്ഷ്യമായിരുന്ന സൽമാൻ രംഗത്ത്

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണം പൊട്ടിക്കൽ (സ്വർണ്ണം കവർച്ച) ആസൂത്രണത്തിൽ, കവർച്ചാ സംഘത്തിന്റെ പ്രധാന ലക്ഷ്യമായിരുന്ന മലപ്പുറം സ്വദേശി മുഹമ്മദ് സൽമാൻ രംഗത്ത്. തനിക്ക് സ്വർണ്ണക്കടത്ത് സംഘങ്ങളുമായി യാതൊരുവിധ ബന്ധവുമില്ലെന്ന് സൽമാൻ വ്യക്തമാക്കി. ഒരു കല്യാണ ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടിയാണ് താൻ നാട്ടിലെത്തിയതെന്നും തനിക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

സ്വർണ്ണം പൊട്ടിക്കൽ സംഘം തന്നിലേക്ക് എത്തിയത് എങ്ങനെയെന്ന് അറിയില്ലെന്ന് പറഞ്ഞ സൽമാൻ, സംഘത്തിന് ആളുമാറിപ്പോയതാകാനുള്ള സാധ്യതയുണ്ടെന്നും കൂട്ടിച്ചേർത്തു. ജിദ്ദയിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ മുഹമ്മദ് സൽമാനിൽ നിന്ന് സ്വർണ്ണം തട്ടിയെടുക്കാനായിരുന്നു കവർച്ചാ സംഘം പദ്ധതിയിട്ടിരുന്നത്. ഇതിനിടെ സൽമാനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. അതേസമയം, കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണം കവരാൻ എത്തിയ സംഘത്തിൽ നിന്നും രക്ഷപ്പെട്ട മൂന്ന് പേർക്കായുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. വിമാനത്താവളത്തിന് പുറത്ത് കാറിൽ ഇരിക്കുകയായിരുന്ന ഇവർ, കൂടെയുള്ളവർ പിടിയിലായെന്ന് സൂചന ലഭിച്ചതോടെ കാറുമായി രക്ഷപ്പെടുകയായിരുന്നു. കേസിൽ കണ്ണൂരിലെ സജീവ സിപിഐഎം പ്രവർത്തകനായ ശരത്ത് അടക്കം 13 പേരെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു.

വിദേശത്തുള്ള അലി അക്ബർ, അൻസാർ എന്നിവരാണ് സ്വർണ്ണം തട്ടിയെടുക്കാനുള്ള ദൗത്യം ഈ സംഘത്തെ ഏൽപ്പിച്ചിരുന്നത് എന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇവരെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്. ഒരിടവേളയ്ക്ക് ശേഷം കരിപ്പൂരിൽ സ്വർണ്ണം പൊട്ടിക്കൽ സംഘങ്ങൾ വീണ്ടും സജീവമാകുന്ന പശ്ചാത്തലത്തിൽ, തുടക്കത്തിൽ തന്നെ ഇതിനെ വേരോടെ പിഴുതെറിയാനുള്ള ശക്തമായ നീക്കത്തിലാണ് പൊലീസ്. സാന്നിധ്യം തിരിച്ചറിഞ്ഞ് രക്ഷപ്പെട്ട മൂന്ന് പ്രതികളെയും ഉടൻ തന്നെ പിടികൂടാൻ കഴിയുമെന്നാണ് പൊലീസ് നൽകുന്ന സൂചന.

Related Articles

Back to top button