ചെരുപ്പിനടിയിലെ ബബിൾഗത്തിൽ ഒട്ടിപ്പിടിച്ച് സ്വർണത്താലി…. തിരികെ നൽകി ഹരിതകർമസേന അംഗങ്ങൾ…. അഭിനന്ദന പ്രവാഹം

കാസർകോട്: നഷ്ടപ്പെട്ടെന്ന് കരുതി സങ്കടത്തോടെ മടങ്ങിയ ഒരു പവന്റെ സ്വർണ്ണത്താലി ഒടുവിൽ ഉടമയുടെ കൈകളിലേക്ക്. പള്ളിക്കരയിൽ അജാനൂർ പഞ്ചായത്തിലെ ഹരിതകർമസേനാംഗങ്ങളായ സുജയ്ക്കും സുനിതയ്ക്കുമാണ് പാഴ്വസ്തുക്കൾ ശേഖരിക്കുന്നതിനിടെ ഭാഗ്യനിമിത്തം പോലെ താലി ലഭിച്ചത്. ഉപയോഗശൂന്യമായ ഒരു ചെരിപ്പിനടിയിലെ ബബിൾഗമിൽ ഒട്ടിപ്പിടിച്ച നിലയിലായിരുന്നു ഈ സ്വർണ്ണസമ്പാദ്യം.

വിഷുവിന് മുൻപ് എണ്ണപ്പാറ സ്വദേശി ജിഷ ചെർക്കാപ്പാറയിലെ ബന്ധുവായ കനകയുടെ വീട്ടിൽ വിരുന്നെത്തിയപ്പോഴാണ് താലി നഷ്ടപ്പെട്ടത്. നാട്ടുകാരും വീട്ടുകാരും ചേർന്ന് പ്രദേശം മുഴുവൻ അരിച്ചുപെറുക്കിയെങ്കിലും താലി കണ്ടെത്താനായില്ല. ഇതോടെ നിരാശയായ ജിഷ സങ്കടത്തോടെ സ്വന്തം വീട്ടിലേക്ക് മടങ്ങി. ജിഷയുടെ താലി തിരയാൻ സഹായിയായി അയൽവാസിയായ സുധയും ഉണ്ടായിരുന്നു. തിരച്ചിലിനിടെ സുധയുടെ ചെരിപ്പ് പൊട്ടിപ്പോയി. പിന്നീട് ഹരിതകർമസേന പാഴ്വസ്തുക്കൾ ശേഖരിക്കാൻ എത്തിയപ്പോൾ സുധ ഈ ചെരിപ്പുകൾ അവർക്ക് നൽകി.

ശേഖരിച്ച ചെരിപ്പുകൾ സിമന്റ് തറയിലിട്ട് ഉരച്ച് വൃത്തിയാക്കുന്നതിനിടെയാണ് സുജയുടെയും സുനിതയുടെയും ശ്രദ്ധയിൽ സ്വർണ്ണത്തിളക്കം പെട്ടത്. ചെരിപ്പിനടിയിൽ പറ്റിപ്പിടിച്ചിരുന്ന ബബിൾഗമിൽ ഒരു പവന്റെ താലി ഒട്ടിപ്പിടിച്ചിരിക്കുകയായിരുന്നു. ഉടൻ തന്നെ ഇവർ സുധയെ വിവരമറിയിച്ചു. തുടർന്ന് ജിഷ അയച്ചുതന്ന ഫോട്ടോയുമായി ഒത്തുനോക്കിയതോടെ ലഭിച്ചത് നഷ്ടപ്പെട്ട താലി തന്നെയാണെന്ന് ഉറപ്പിച്ചു. നഷ്ടപ്പെട്ട താലി തിരികെ ലഭിച്ച ജിഷ, അത് സന്തോഷത്തോടെ തന്റെ മാലയിൽ കോർത്തിട്ടു. ഹരിതകർമസേനാംഗങ്ങളുടെ സത്യസന്ധതയെയും ജാഗ്രതയെയും നാട്ടുകാരും ജനപ്രതിനിധികളും അഭിനന്ദിച്ചു.

Related Articles

Back to top button