മുഖ്യമന്ത്രിപദത്തിൽ നിന്ന് പ്രതിപക്ഷ നേതൃത്വത്തിലേക്ക്… വിശ്വസ്തരായ സി.എം രവീന്ദ്രനും പി.എം മനോജും….

തിരുവനന്തപുരം: മുഖ്യമന്ത്രിപദത്തിൽ നിന്ന് പ്രതിപക്ഷ നേതാവിലേക്കുള്ള ചുമതല മാറ്റത്തിന് പിന്നാലെ പേഴ്സണൽ സ്റ്റാഫിൽ വൻ അഴിച്ചുപണിയുമായി പിണറായി വിജയൻ. മുഖ്യമന്ത്രിയായിരുന്നപ്പോൾ ഒപ്പമുണ്ടായിരുന്ന ഏറ്റവും അടുത്ത രണ്ട് വിശ്വസ്തരെ ഒഴിവാക്കിയാണ് പുതിയ പ്രതിപക്ഷ നേതാവിന്റെ ഓഫീസ് പുനഃസംഘടിപ്പിച്ചിരിക്കുന്നത്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന പത്തു വർഷക്കാലവും അദ്ദേഹത്തിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി.എം രവീന്ദ്രൻ ഇത്തവണ പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫിൽ ഇടംപിടിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായിരുന്ന പി.എം മനോജും പുതിയ ഓഫീസിൽ ഇല്ലെന്നത് ശ്രദ്ധേയമാണ്. അതേസമയം, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായിരുന്ന പ്രഭാവർമ്മ പുതിയ സ്റ്റാഫിലും തുടരുന്നുണ്ട്. അഡ്വ. സി.പി പ്രമോദ് ആണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പുതിയ പ്രൈവറ്റ് സെക്രട്ടറി.

സി.എം രവീന്ദ്രനെ ഒഴിവാക്കിയതിന് പിന്നിൽ മുൻപുണ്ടായ വിവാദങ്ങളാണോ എന്ന ചർച്ചകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമാണ്. സ്വർണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സി.എം രവീന്ദ്രനെ ദീർഘനേരം ചോദ്യം ചെയ്തിരുന്നു. ഊരാളുങ്കൽ ലേബർ സൊസൈറ്റിയുമായി ബന്ധപ്പെട്ട ഇടപാടുകളിലും, അദ്ദേഹത്തിന്റെ സ്വത്തുവിവരങ്ങളിലും ഇ.ഡി അന്വേഷണം നടത്തിയിരുന്നു. ദീർഘകാലം പിണറായി വിജയന്റെ നിഴലായി കൂടെയുണ്ടായിരുന്ന പ്രമുഖരെ മാറ്റിനിർത്തിയത് പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള പുതിയ പ്രവർത്തന ശൈലിയുടെ ഭാഗമാണെന്നാണ് സൂചന. കൂടുതൽ വിവാദങ്ങൾക്ക് വഴിനൽകാതിരിക്കാൻ പുതിയ മുഖങ്ങളെ ഓഫീസിലേക്ക് കൊണ്ടുവരാൻ സി.പി.എം തീരുമാനിക്കുകയായിരുന്നു.

Related Articles

Back to top button