തിരുവനന്തപുരത്ത് ഭക്ഷ്യവിഷബാധ…ചികിത്സ തേടിയത് 25ലധികം പേർ…

തിരുവനന്തപുരം: ഉഴമലയ്ക്കലില്‍ ഭക്ഷ്യവിഷബാധ. ഒരാഴ്ചയ്ക്കിടെ 25ലധികം പേരാണ് ചികിത്സ തേടിയത്. മത്സ്യം കഴിച്ചതിന് പിന്നാലെയാണ് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായതെന്നാണ് വിവരം. നിലവില്‍ ആറു പേര്‍ ചികിത്സയിലാണ്. രണ്ട് കുട്ടികള്‍ തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ്. മൂന്നുപേര്‍ മെഡിക്കല്‍ കോളേജിലും ഒരാള്‍ ആര്യനാട് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.
ആര്യനാട് മാര്‍ക്കറ്റില്‍ നിന്നും ഉഴമലയ്ക്കല്‍, കുറ്റിച്ചല്‍ എന്നിവിടങ്ങളില്‍ നിന്നും വാങ്ങിയ മത്സ്യം കഴിച്ചവര്‍ക്കാണ് പ്രശ്‌നമുണ്ടായത്. ദിവസേന നൂറിലേറെ കണ്ടെയ്‌നര്‍ ലോറികളിലാണ് ഇവിടെ മത്സ്യം എത്തിക്കുന്നത്. സംഭവത്തില്‍ ആരോഗ്യ, ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ അന്വേഷണം ആരംഭിച്ചു. ആര്യനാട് മാര്‍ക്കറ്റില്‍ നിന്നും 50 കിലോയോളം പഴകിയ മത്സ്യം കണ്ടെടുത്തിട്ടുണ്ട്.
അസ്വാഭാവിക ഗന്ധമോ നിറ വ്യത്യാസമോ ഉള്ള മത്സ്യങ്ങള്‍ വാങ്ങരുതെന്നാണ് മുന്നറിയിപ്പ്. വരും ദിവസങ്ങളിലും പരിശോധന തുടരും.



