ഹരിപ്പാട് തെരുവുനായയുടെ കടിയേറ്റ് അഞ്ചുവയസ്സുകാരന് ഗുരുതര പരിക്ക്…

ആലപ്പുഴ: സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷം. ഹരിപ്പാട് തെരുവുനായ ആക്രമണത്തിൽ അഞ്ചുവയസ്സുകാരന് ഗുരുതര പരിക്കേറ്റു. ഹരിപ്പാട് കുമാരപുരം ആറാം വാർഡ് താമല്ലാക്കൽ പുത്തൻപറമ്പിൽ അഖിൽവിശ്വം – ദിവ്യ ദമ്പതികളുടെ മകൻ അദ്വിക്കിനാണ് പരിക്കേറ്റത്
കരുവാറ്റ എം ജി എം സ്കൂളിലെ യുകെജി വിദ്യാർത്ഥിയാണ് കുട്ടി.
ഇന്ന് വൈകുന്നേരം സ്കൂളിൽ നിന്നും വീട്ടിലെത്തിയ ശേഷം മുറ്റത്ത് സൈക്കിൾ ചവിട്ടിക്കളിക്കുമ്പോഴാണ് തെരുവുനായ ആക്രമിച്ചത്. കുട്ടിയുടെ നേരെ ഓടിയെത്തിയ തെരുവുനായ ക്രൂരമായി ആക്രമിക്കുകയായിരുന്നു.
അദ്വിക്കിന്റെ മുഖത്തും ശരീരത്തിലും നിരവധിയിടങ്ങളിൽ നായയുടെ കടിയേറ്റിട്ടുണ്ട്. കുട്ടിയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.


