മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്….. സ്കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ

തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴി മുഖ്യമന്ത്രി വി.ഡി. സതീശനെ അപകീർത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തെന്ന പരാതിയിൽ ഗവൺമെന്റ് സ്കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ. തിരുവനന്തപുരം ആറ്റിങ്ങൽ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൽ ജവാദിനെതിരെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് അടിയന്തര അച്ചടക്ക നടപടി സ്വീകരിച്ചത്. മെയ് 31-ന് സർവീസിൽ നിന്ന് ഔദ്യോഗികമായി വിരമിക്കാൻ രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെയാണ് പ്രിൻസിപ്പലിന് ഈ കടുത്ത തിരിച്ചടി നേരിട്ടിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രിയുടെ ചിത്രവും പോസ്റ്ററുകളും ദുരുപയോഗം ചെയ്ത് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തൽ. സംഭവത്തിൽ യൂത്ത് കോൺഗ്രസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപകനെതിരെ പോലീസ് നേരത്തെ തന്നെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വകുപ്പുതല അന്വേഷണം നടത്തി ശക്തമായ അച്ചടക്ക നടപടി സ്വീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. സർക്കാർ സർവീസിലിരുന്ന് കോഡ് ഓഫ് കോൺഡക്റ്റ് ലംഘിക്കുന്നത് അനുവദിക്കാനാകില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഔദ്യോഗിക പദവിയിലിരിക്കുന്ന വ്യക്തികളും സർക്കാർ ജീവനക്കാരും സമൂഹമാധ്യമങ്ങളിലൂടെ വ്യക്തികളെയും ഭരണകൂടത്തെയും അപകീർത്തിപ്പെടുത്തുന്നത് ഗുരുതരമായ ചട്ടലംഘനമാണെന്നും, അതുകൊണ്ടാണ് കർശനമായ ഈ നടപടിയെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Related Articles

Back to top button