കാലിക്കറ്റ് സർവ്വകലാശാല പ്രവർത്തനം നിലച്ചു.. കാരണം..

ഇടിമിന്നലേറ്റ് ഇന്റർനെറ്റ് തകരാറിലായതോടെ കാലിക്കറ്റ് സർവകലാശാല സ്തംഭിച്ചു. വിവിധ ആവശ്യങ്ങൾക്കായി സർവ്വകലാശാലയിലെത്തിയ വിദ്യാർത്ഥികളടക്കമുള്ളവർ മടങ്ങി പോകുകയാണ്. ഇതുവരെ ഇന്റർനെറ്റ് പുനഃസ്ഥാപിച്ചില്ല. ജീവനക്കാരും ജോലി ചെയ്യാനാകാതെ തിരിച്ചുപോകേണ്ട അവസ്ഥയാണ് ഇപ്പോൾ.

വെള്ളിയാഴ്ച രാവിലെയെത്തിയ ജീവനക്കാർക്ക് ഇതുവരെ പഞ്ചിംഗ് ചെയ്യാനായിട്ടില്ല. വ്യാഴാഴ്ച വൈകിട്ടാണ് ശക്തമായ ഇടിമിന്നൽ ഉണ്ടായത്. ഇൻ്റർനെറ്റ് സെക്യൂരിറ്റി സംവിധാനമായ ഫയർവാൾ ഇടിമിന്നലേറ്റ് പൂർണമായും തകരാറിലായി. ഇതോടെയാണ് പരീക്ഷ ഭവൻ അടക്കമുള്ള ഓഫീസുകളുടെ പ്രവർത്തനം നിലച്ചത്.

ഫയർവാൾ മാറ്റിയതിന് ശേഷമെ സർവ്വറുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോയെന്നും ഡാറ്റകൾ സുരക്ഷിതമാണോയെന്നും പരിശോധിക്കാനാവൂ. വെള്ളിയാഴ്ച നടക്കേണ്ട പരീക്ഷകൾ വ്യാഴാഴ്ച രാത്രിയോടെ മാറ്റിവെച്ചിരുന്നു. നിലവിൽ ഓഫീസ് പ്രവർത്തനത്തിനായെത്തിയ ജീവനക്കാരും ജോലി ചെയ്യാനാകാത്ത അവസ്ഥയാണ്.

സർവകലാശാലയിലെ മുഴുവൻ രേഖകളും ഡിജിറ്റൽ ഡോക്യുമെന്റ് സിസ്റ്റത്തിലൂടെയാണ് പ്രവർത്തിക്കുന്നത്. പരീക്ഷയ്ക്കുള്ള ചോദ്യപേപ്പറുകളും ഡൌൺലോഡ് ചെയ്യാനോ പ്രിന്റ് ചെയ്യാനോ കഴിയാത്ത സാഹചര്യത്തിലാണ് ഇന്നലെ രാത്രിയോടെ ഇന്ന് നടക്കാനിരുന്ന പരീക്ഷകൾ മാറ്റിവച്ചത്.
സെക്യൂരിറ്റി സംവിധാനമായ ഫയർവാൾ പ്രവർത്തനയോഗ്യമാക്കിയാലേ ഇടിമിന്നലിൽ സെർവറുകൾക്ക് തകരാറു സംഭവിച്ചിട്ടുണ്ടോ എന്ന് അറിയാൻ കഴിയുകയുള്ളു.

ഇന്നലെത്തന്നെ സംവിധാനങ്ങൾ സ്തംഭിച്ചതായി തിരിച്ചറിഞ്ഞിട്ടും ഇന്ന് ഉച്ചവരെ യാതൊരു നടപടിയും ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. പല അടിയന്തര ആവശ്യങ്ങൾക്കായി സർവ്വകലാശാലയിലെത്തിയ വിദ്യാർത്ഥികളും ആശങ്കയിലാണ്.

Related Articles

Back to top button