ശബരിമലയിൽ വ്യാജ ഹെൽത്ത് കാർഡ് മാഫിയ… പണം നൽകിയാൽ പരിശോധനയില്ലാതെ കാർഡുകൾ റെഡി…

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് ഭക്ഷണപദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്ന ജീവനക്കാർക്കായി വ്യാജ ഹെൽത്ത് കാർഡുകൾ നിർമ്മിച്ച് നൽകുന്ന ലാബ് മാഫിയ സജീവമെന്ന് കണ്ടെത്തൽ. പണം നൽകിയാൽ ആളിനെ കാണുകയോ പരിശോധന നടത്തുകയോ ചെയ്യാതെ ഹെൽത്ത് കാർഡുകൾ വ്യാജമായി തയ്യാറാക്കി നൽകുന്ന സംഘത്തിനെതിരെ ആരോഗ്യവകുപ്പ് ശക്തമായ നടപടിക്ക് ഒരുങ്ങുകയാണ്.
പത്തനംതിട്ട സീതത്തോട്ടിലെ ‘അമ്മ ക്ലിനിക്കി’നെതിരെയാണ് പ്രധാനമായും നടപടി വരുന്നത്. ഡോക്ടർ നേരിട്ട് പരിശോധിക്കുകയും ടൈഫോയ്ഡ് വാക്സിൻ എടുത്തുവെന്ന് ഉറപ്പുവരുത്തുകയും ചെയ്ത ശേഷമേ ഹെൽത്ത് കാർഡുകൾ നൽകാവൂ എന്നാണ് കർശന നിയമം. എന്നാൽ ഈ ചട്ടങ്ങളെല്ലാം കാറ്റിൽപ്പറത്തി യാതൊരുവിധ പരിശോധനയുമില്ലാതെ പണത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ഹെൽത്ത് കാർഡുകൾ നിർമ്മിച്ചു നൽകുകയാണ് ഈ കേന്ദ്രങ്ങൾ ചെയ്യുന്നത്. അയ്യപ്പ ഭക്തരുടെ ആരോഗ്യവും സുരക്ഷയും മുൻനിർത്തി ഇത്തരം വ്യാജ മാഫിയകൾക്കെതിരെ കൂടുതൽ പരിശോധനകളും കർശന നടപടികളും സ്വീകരിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.



