‘അമ്മ’യിലെ കൂട്ടരാജിക്ക് പിന്നാലെ പൊട്ടിത്തെറി… തുറന്ന കത്തുമായി ടിനി ടോം

കൊച്ചി: മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യിലെ കൂട്ടരാജിക്ക് പിന്നാലെ സംഘടനയ്ക്കുള്ളിൽ ഭിന്നതയും പൊട്ടിത്തെറിയും രൂക്ഷമാകുന്നു. ഭരണസമിതി ഒട്ടാകെ രാജിവെച്ചതിന് പിന്നാലെ നടൻ ടിനി ടോം തുറന്ന കത്തുമായി രംഗത്തെത്തിയപ്പോൾ, നടി ലക്ഷ്മിപ്രിയ സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് തന്നെ രാജി പ്രഖ്യാപിച്ചു. അനീതികൾക്കെതിരെ ശബ്ദമുയർത്തിയതിന് ചിലർ തനിക്കെതിരെ മനഃപൂർവ്വം ലക്ഷ്യം വെച്ചുവെന്നാണ് ടിനി ടോം കത്തിൽ ആരോപിക്കുന്നത്.
നടി അൻസിബ ഹസൻ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ പോലീസ് തള്ളിക്കളഞ്ഞതാണെന്നും തനിക്കെതിരെ ഒരു എഫ്.ഐ.ആർ പോലും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ടിനി ടോം വ്യക്തമാക്കി. ആരോപണങ്ങൾ ഉയർന്നപ്പോൾ മാധ്യമങ്ങൾക്ക് മുന്നിൽ വരാതിരുന്നത് എല്ലാം ദൈവത്തിനും നീതിക്കും വിട്ടുകൊടുത്തതിനാലാണ്. ആരോടും പറയാതെ ഭരണസമിതിയിൽ നിന്ന് ഇറങ്ങിപ്പോയതിൽ ക്ഷമ ചോദിക്കുന്നതായും ഇനി സംഘടനയിൽ ഒരു സാധാരണ മെമ്പർ മാത്രമായി തുടരുമെന്നും ടിനി ടോം കത്തിൽ പറയുന്നു.
ടിനി ടോമിന്റെ കത്തിന്റെ പൂർണരൂപം…..
‘ആദ്യം നിങ്ങള്‍ എല്ലാവരോടും ഞാന്‍ നന്ദി അറിയിക്കട്ടേ, അമ്മയില്‍ നടന്നിട്ടുള്ള എല്ലാ തെരെഞ്ഞെടുപ്പുകളിലും വലിയ ഭൂരിപക്ഷത്തില്‍ എന്നെ വിജയിപ്പിച്ചതിനു 2018 മുതല്‍ ഇന്നലവരെ അമ്മയുടെ എക്‌സിക്യൂട്ടീവില്‍ ലാലേട്ടന്റെ കീഴിലും ഇപ്പോള്‍ ശ്വേത മേനോന്റെ കീഴിലും സത്യസന്ധമായി എനിക്ക് കഴിയും വിധം നിങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിച്ചു, അനീതികള്‍ക്കെതിരെ ഞാന്‍ ശബ്ദിച്ചതിന്റെ പേരില്‍ ഞാന്‍ ടാര്‍ഗറ്റ് ചെയപെട്ടിരിന്നു ആരോപണങ്ങള്‍ പോലീസ് FIR എടുക്കാതെ നിരുപാധികം തള്ളി കളയുകയും എനിക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തു ഇതൊന്നും ഞാന്‍ ഒരു ചാനലിലും വിളമ്പാന്‍ പോയിട്ടില്ല എല്ലാം ദൈവത്തിനും നീതിക്കും മാത്രം വിട്ടു കൊടുത്തു സത്യമെ ജയിക്കൂ അതാണ് തെളിഞ്ഞത്. ഇനി നിങ്ങളോട് ക്ഷമ ചോദിക്കുകയാണ് ആരോടും പറയാതെ ഇറങ്ങി പോകുന്നതില്‍, എന്ന് കരുതി നിങ്ങളുടെ വിളികള്‍ ഞാന്‍ അവഗണിക്കില്ല എനിക്ക് പറ്റുന്ന വിധത്തില്‍ ഞാന്‍ നിങ്ങളോടൊപ്പം ഉണ്ടാകും എന്ന് നിങ്ങളുടെ സ്വന്തം സഹോദരന്‍ ടിനി ടോം…..’
അതേസമയം, ‘അമ്മ’യിൽ നിന്ന് തികച്ചും വൈകാരികമായ കുറിപ്പോടെയാണ് നടി ലക്ഷ്മിപ്രിയ അംഗത്വം രാജിവെച്ചത്. തനിക്ക് സംഘടനയുടെ പെൻഷനും ഇൻഷുറൻസും മരണപ്പെട്ടാൽ നൽകുന്ന റീത്തോ അനുശോചനമോ ഒന്നും തന്നെ ആവശ്യമില്ലെന്ന് ലക്ഷ്മിപ്രിയ വ്യക്തമാക്കി. മുതിർന്ന അംഗങ്ങളായ കാലടി ഓമന, പൊന്നമ്മ ബാബു, ഉഷ ആലപ്പുഴ എന്നിവർക്ക് തന്റെ രാജി സമർപ്പിക്കുന്നതായി പറഞ്ഞ നടി, “ഇവരെല്ലാം ജീവിച്ചിരിക്കുമ്പോഴാണ് താൻ മരിക്കുന്നതെങ്കിൽ തന്റെ ശവം കാണാൻ പോലും ആരും വരരുത്. തന്നെ സ്നേഹിക്കുന്ന ഏതാനും പേരുണ്ട്, ബാക്കിയുള്ളവർ ഈ പടി കടന്ന് വരരുത്” എന്നും കുറിച്ചു.
ഭരണസമിതിയുടെ കാലാവധി പൂർത്തിയാകാൻ രണ്ട് വർഷം ബാക്കിനിൽക്കെയാണ് കഴിഞ്ഞ ദിവസം പ്രസിഡന്റ് മോഹൻലാൽ ഉൾപ്പെടെയുള്ള 17 അംഗ ഭരണസമിതിയും ഒന്നിച്ച് രാജിവെച്ചത്. അവിശ്വാസ പ്രമേയത്തെ അഭിമുഖീകരിക്കുന്നതിന് മുൻപ് തന്നെയായിരുന്നു ഈ കൂട്ടരാജി. ജോയിന്റ് സെക്രട്ടറിയായ അൻസിബ ഹസൻ ഇതിന് തൊട്ടുമുമ്പ് രാജിവെച്ചിരുന്നു. ഭരണസമിതി ഒഴിഞ്ഞതോടെ സംഘടനയുടെ ദൈനംദിന കാര്യങ്ങൾ നിയന്ത്രിക്കുന്നതിനായി ഒമ്പതംഗ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. നടൻ രമേഷ് പിഷാരടിയാണ് കമ്മിറ്റിയുടെ കൺവീനർ. കെ.ബി. ഗണേഷ് കുമാർ, സുരേഷ് കൃഷ്ണ, സാദിഖ്, ഡോ. റോണി, കൃഷ്ണ പ്രഭ, ആശാ അരവിന്ദ്, ഷാജോൺ, ദേവി ചന്ദന എന്നിവരാണ് മറ്റ് അംഗങ്ങൾ. നടൻ ജഗദീഷാണ് അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രഖ്യാപനം നടത്തിയത്. അടുത്ത നാല് മാസത്തേക്ക് ഈ കമ്മിറ്റിയായിരിക്കും സംഘടനയെ നയിക്കുക. പുതിയ സ്ഥിരം സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് എപ്പോൾ നടത്തണമെന്ന് ഈ കമ്മിറ്റി പിന്നീട് തീരുമാനിക്കും.



