പതിനൊന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ എക്സൈസ് ഉദ്യോഗസ്ഥൻ…

ബന്ധുവായ പതിനൊന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ എക്സൈസ് ഉദ്യോഗസ്ഥൻ പോക്സോ കേസിൽ അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി എക്സൈസ് റേഞ്ചിലെ ഉദ്യോഗസ്ഥനെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ ഉദ്യോഗസ്ഥൻ നിലവിൽ സസ്പെൻഷൻ നേരിടുന്നയാളാണ്. കാഞ്ഞിരപ്പള്ളി റേഞ്ച് ഓഫീസിലെ ഒരു വനിതാ സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതിനെ തുടർന്നാണ് ഇയാൾക്കെതിരെ വകുപ്പുതല നടപടിയുണ്ടായത്. ഈ വനിതാ ഉദ്യോഗസ്ഥ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുകയും ഇയാളെ സസ്പെൻഡ് ചെയ്യുകയുമായിരുന്നു.
സസ്പെൻഷനിൽ തുടരവേയാണ് പുതിയ പോക്സോ കേസിൽ ഇയാൾ അറസ്റ്റിലാവുന്നത്.പ്രതിയുടെ ബന്ധുവായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് അതിക്രമത്തിന് ഇരയായത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മുണ്ടക്കയം പോലീസ് പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തത്. ഏകദേശം 45 വയസ് പ്രായമുള്ള ഇയാൾ ഇരയായ പെൺകുട്ടിയുടെ ബന്ധുവായതിനാൽ കുട്ടിയുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി പേരുവിവരങ്ങൾ പുറത്തുവിടാൻ സാധിക്കില്ല. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കും.



