‘മുഖ്യമന്ത്രി ആരാകണം എന്ന് കോൺഗ്രസ് തീരുമാനിക്കട്ടെ, ചാടിവീണ് അഭിപ്രായം പറയുന്നത് ശരിയല്ല’; മുഹമ്മദ് റിയാസ്

ജനവിധി യുഡിഎഫിന് അനുകൂലമാണെന്നും അത് അംഗീകരിക്കുന്നുവെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ്. കോൺഗ്രസിന്റെ മുഖ്യമന്ത്രി ചർച്ചകളിൽ ഇതാ കിട്ടിപ്പോയ് എന്ന് പറഞ്ഞ് ചാടിവീണ് അഭിപ്രായം പറയുന്നത് ശരിയല്ലെന്നും യുഡിഎഫ് ഭരിക്കണമെന്ന് ജനം തീരുമാനിച്ചു, മുഖ്യമന്ത്രി ആരാകണം എന്ന് കോൺഗ്രസ് തീരുമാനിക്കട്ടെ എന്നും മുഹമ്മദ് റിയാസ് പറഞ്ഞു. മുഖ്യമന്ത്രി ആരായാലും എല്ലാവിധ ആശംസകളും നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘തെരഞ്ഞെടുപ്പ് പരാജയത്തിൽ ഗൗരവമേറിയ പരിശോധനകൾ ആരംഭിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് സമയമെടുത്ത് കാര്യങ്ങൾ ചർച്ച ചെയ്തു. എല്ലാ ഘടകങ്ങളിലെയും സഖാക്കളുടെ അഭിപ്രായം കേൾക്കും. സിപിഐഎം നാടിന്റെ പ്രതീക്ഷയാണ്. എവിടെയാണ് പോറലേറ്റത് എന്ന് പരിശോധിക്കും. തിരുത്തേണ്ടത് തിരുത്തും. ജനകീയ വിഷയങ്ങളിൽ സജീവമായി ഇടപെട്ട് മുന്നോട്ടുപോകും’- മുഹമ്മദ് റിയാസ് പറഞ്ഞു. യുഡിഎഫിന് വോട്ട് ചെയ്തവർ ഇടതുപക്ഷം തകരണമെന്ന് ആഗ്രഹിക്കാത്തവരാണെന്നും കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങളും ഇടതുപക്ഷം ശക്തമായി മുന്നോട്ടുവരണം എന്ന് ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



