ED നായാട്ടിനെ ന്യായീകരിക്കുന്നില്ല…. അന്വേഷണത്തെ അക്രമം കൊണ്ടല്ല നേരിടേണ്ടത്…. വിമര്‍ശിച്ച് കെ സച്ചിദാനന്ദന്‍

തൃശ്ശൂർ: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലെ ഇ.ഡി റെയ്ഡിന് പിന്നാലെ സി.പി.ഐ.എം അണികൾ അഴിച്ചുവിട്ട തെരുവ് അക്രമങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് കവിയും കേരള സാഹിത്യ അക്കാദമി മുൻ അധ്യക്ഷനുമായ കെ. സച്ചിദാനന്ദൻ. എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ അന്വേഷണങ്ങളെ അക്രമം കൊണ്ടോ പ്രതിഷേധം കൊണ്ടോ അല്ല നേരിടേണ്ടതെന്നും, ഇപ്പോൾ നടന്ന അക്രമങ്ങൾ കണ്ടാൽ ‘സത്യത്തെ ഭയമുണ്ട്’ എന്ന് തോന്നിക്കുന്ന രീതിയിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സി.എം.ആർ.എൽ – എക്സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഉണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ തൃശ്ശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസിനെക്കുറിച്ച് പൊതുസമൂഹത്തിന് ആർക്കും വ്യക്തമായി അറിയില്ലെന്ന് സച്ചിദാനന്ദൻ പറഞ്ഞു. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ സി.പി.ഐ.എം കൈക്കൊണ്ട ഏറ്റവും വലിയ പാർട്ടി തീരുമാനത്തെയും സച്ചിദാനന്ദൻ പരസ്യമായി തള്ളിപ്പറഞ്ഞു. നിയമസഭയിൽ പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തിരഞ്ഞെടുത്ത നടപടി തികച്ചും തെറ്റായിപ്പോയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കൂടുതൽ ഊർജ്ജസ്വലനായ, പുതിയ കാലത്തെ നയിക്കാൻ കെൽപ്പുള്ള മറ്റൊരാളെയായിരുന്നു ആ പദവിയിലേക്ക് കണ്ടെത്തേണ്ടിയിരുന്നത്. മുൻപ് മുഖ്യമന്ത്രി ആയിരുന്ന ഒരാൾ തന്നെ തോൽവിക്ക് ശേഷം വീണ്ടും പ്രതിപക്ഷ നേതാവാകും എന്ന് താൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. കമ്മ്യൂണിസ്റ്റ് ഭൂതകാലം മാത്രമുള്ള ആളെയല്ല, മറിച്ച് കമ്മ്യൂണിസ്റ്റ് ഭാവിയുള്ള ഒരാളെയായിരിക്കും പാർട്ടി പ്രതിപക്ഷ നേതാവാക്കുക എന്നാണ് കരുതിയത്. പ്രതിപക്ഷ നേതാവിന്റെ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വലിയ തെറ്റുപറ്റി. ആ തെറ്റ് സി.പി.ഐ.എം ഇപ്പോൾ പതുക്കെ തിരിച്ചറിയാൻ തുടങ്ങിയിട്ടുണ്ടെന്നും സച്ചിദാനന്ദൻ കൂട്ടിച്ചേർത്തു. ഇ.ഡി റെയ്ഡിലെ അക്രമങ്ങളെ പാർട്ടി നേതാക്കൾ ന്യായീകരിക്കുമ്പോൾ, സാംസ്കാരിക ലോകത്തുനിന്ന് ഉയർന്ന ഈ തിരുത്തൽ ശബ്ദം സി.പി.ഐ.എമ്മിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്നതാണ്.

Related Articles

Back to top button