കൂടത്തായി കേസ് വിചാരണയ്ക്കിടെ അന്വേഷണ ഉദ്യോഗസ്ഥന്……

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ റോയ് തോമസ് വധക്കേസിന്റെ വിചാരണയ്ക്കിടെ അന്വേഷണ ഉദ്യോഗസ്ഥൻ ആർ. ഹരിദാസന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർ. ഹരിദാസന്റെ വിസ്താരം നടക്കുന്നതിനിടെയുണ്ടായ ഇടവേളയിലാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
കേസിന്റെ അവസാനഘട്ട വിചാരണയാണ് നിലവിൽ പുരോഗമിക്കുന്നത്. റോയ് തോമസ് വധക്കേസിൽ ഇതിനോടകം 130-ലധികം സാക്ഷികളുടെ വിസ്താരം പൂർത്തിയായിട്ടുണ്ട്. ജോളി പ്രതിയായ കേസുകളിൽ ആദ്യമായി വിധി വരുന്നത് ഈ കേസിലായിരിക്കുമെന്നാണ് പ്രതീക്ഷ. 2011 സെപ്റ്റംബറിലാണ് റോയ് തോമസ് മരിച്ചത്. ആദ്യഭർത്താവായ റോയ് തോമസിനെ സയനൈഡ് നൽകി ജോളി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. 2019-ലാണ് കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പര പുറത്തുവന്നത്. 2002 മുതൽ 2016 വരെ കൂടത്തായി പൊന്നാമറ്റം കുടുംബത്തിലെ ആറുപേർ ദുരൂഹ സാഹചര്യത്തിൽ മരിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.
റിട്ട. അധ്യാപിക അന്നമ്മ തോമസ്, ഭർത്താവ് ടോം തോമസ്, മകൻ റോയ് തോമസ്, അന്നമ്മയുടെ സഹോദരൻ എം.എം. മാത്യു, ഷാജുവിന്റെ ഭാര്യ ഫിലി, മകൾ ആൽഫൈൻ എന്നിവരുടെ മരണങ്ങൾ പിന്നീട് കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ജീവൻ ജോർജ് സമർപ്പിച്ച റിപ്പോർട്ടാണ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവായത്. നിലവിൽ കേസിന്റെ വിചാരണ നടപടികൾ തുടരുകയാണ്.



