ചാത്തന്നൂരിലെ ബിജെപി ജയം ആരെങ്കിലും പ്രതീക്ഷിച്ചതാണോ…കേരളത്തില്‍ ബിജെപിക്ക് മൂന്നിന്റെ പവര്‍…

കേരളത്തില്‍ ചരിത്രമെഴുതി ബിജെപിയുടെ അപ്രതീക്ഷിത കുതിപ്പ്. നേമത്തും കഴക്കൂട്ടത്തും ചാത്തന്നൂരിലും താമര വിരിഞ്ഞു. നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വിജയിച്ചപ്പോള്‍ ഫോട്ടോ ഫിനിഷില്‍ കഴക്കൂട്ടത്ത് വി മുരളീധരനും ചാത്തന്നൂരില്‍ അട്ടിമറിയിലൂടെ ബിബി ഗോപകുമാറും വിജയം നേടി. എന്നാല്‍, 42 സീറ്റുകളില്‍ മത്സരിച്ച ബിഡിജെഎസും ട്വന്റി ട്വന്റിയും സംപൂജ്യരായി.
15 സീറ്റുകളില്‍ മുന്നേറ്റം പ്രതീക്ഷിച്ചെങ്കിലും, അരഡസനോളം സീറ്റുകളില്‍ വിജയത്തില്‍ കുറഞ്ഞൊന്നും ബിജെപി ലക്ഷ്യം വെച്ചിരുന്നില്ല. 2021- ല്‍ സിപിഐഎം പൂട്ടിച്ച നേമം സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിലൂടെ ബിജെപി തിരിച്ചുപിടിച്ചു. വി ശിവന്‍കുട്ടിയോട് 4978 വോട്ടിന്റെ ഭൂരിപക്ഷം.കഴക്കൂട്ടത്ത് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കടുത്ത പോരാട്ടത്തിനൊടുവില്‍ വി മുരളീധരന്റെ അട്ടിമറി.ജയം കേവലം 428 വോട്ടുകള്‍ക്ക്.ചാത്തന്നൂരില്‍ ഇരുമുന്നണികളെയും ഞെട്ടിച്ചാണ് ബിബി ഗോപകുമാര്‍ 4398 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ചു കയറിയത്. കേരളത്തില്‍ ബിജെപി ഇനി മുതല്‍ നിര്‍ണായക ശക്തിയെന്ന് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
