ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയിരുന്നയാളെ അടിച്ചുകൊന്ന കേസ്; പ്രതിയെ പിടികൂടി പോലീസ്

ഭക്ഷണം കഴിക്കാൻ പണം ചോദിച്ചിട്ട് നൽകാഞ്ഞതിനെത്തുടർന്ന് ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയിരുന്നയാളെ അടിച്ചുകൊന്നു. സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്. കുന്നംകുളം പന്തല്ലൂര്‍ സ്വദേശി പന്തല്ലൂര്‍ വീട്ടില്‍ ഷണ്മുഖനാണ് പിടിയിലായത്. ടെമ്പിള്‍ എസ്.എച്ച്.ഒ. വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഇടുക്കി കട്ടപ്പന കിഴക്കത്തി വീട്ടില്‍ ധനേഷ് കുമാർ ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒമ്പതിന് രാത്രിയായിരുന്നു സംഭവം.
പിറ്റേന്ന് രാവിലെ ധനേഷ് മരിച്ചുകിടക്കുന്നത് കണ്ട് പൊലീസ് എത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കുകയായിരുന്നു. തുടര്‍ന്ന് മേഖലയിലെ സി.സി.ടി.വി. ക്യാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു. രാത്രി ഭക്ഷണം കഴിക്കാന്‍ പണം ചോദിച്ചത് നല്‍കാത്തതിലുള്ള വൈരാഗ്യമാണ് മര്‍ദ്ദനത്തിന് കാരണമെന്ന് പ്രതി പൊലീസിന് നൽകിയിരിക്കുന്ന മൊഴി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. രാത്രി റോഡരികില്‍ കിടക്കുന്നവരെ അടിച്ചു കൊലപ്പെടുത്തുന്നതാണ് മാനസിക വൈകല്യമുള്ള പ്രതിയുടെ രീതി എന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരേ കുന്നംകുളത്തും സമാനമായ കേസുകള്‍ ഉണ്ടെന്നും പൊലീസ് പറയുന്നു.



