ഭക്ഷണം വൈകി, ഡെലിവറി ജീവനക്കാരനെ ഹെൽമെറ്റും ഇസ്തിരിപ്പെട്ടി കൊണ്ടും ക്രൂരമായി ആക്രമിച്ചു, പ്രതി പിടിയിൽ….

തിരുവനന്തപുരം: ഭക്ഷണം ഡെലിവറി ചെയ്യാൻ വൈകിയെന്ന കാരണത്താൽ ഫുഡ് ഡെലിവറി ജീവനക്കാരനെ ക്രൂരമായി മർദിച്ച പ്രതിയെ പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്ത് താമസിക്കുന്ന കോഴിക്കോട് പാറക്കടവ് സ്വദേശി സാഹിം (36) ആണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച രാവിലെ അമ്പലമുക്കിലെ അപ്പാർട്ട്മെന്റിലായിരുന്നു സംഭവം. അമ്പൂരി മായം സ്വദേശിയായ ഫുഡ് ഡെലിവറി ജീവനക്കാരനാണ് മർദനമേറ്റത്. ഓർഡർ ചെയ്ത ഭക്ഷണം എത്തിക്കാൻ വൈകിയതിലുള്ള വിരോധം കാരണം പ്രതി പണം നൽകാൻ വൈകിക്കുകയും യുവാവിനെ അസഭ്യം പറയുകയും തുടർന്ന് ഹെൽമെറ്റ് കൊണ്ടും വീട്ടിനുള്ളിലിരുന്ന ഇസ്തിരിപ്പെട്ടി കൊണ്ടും ക്രൂരമായി ആക്രമിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.



