ചടയമംഗലത്തെ രണ്ടാനച്ഛന്റെ ക്രൂര മർദ്ദനം ; പതിമൂന്നുകാരനെയും രണ്ട് സഹോദരങ്ങളെയും അമ്മയെയും ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തു…

നിലമേൽ മുളയക്കോണത്ത്‌ മദ്യലഹരിയിൽ രണ്ടാനച്ഛന്റെ ക്രൂര മർദ്ദനത്തിനിരയായ പതിമൂന്നുകാരനെയും രണ്ട് സഹോദരങ്ങളെയും അമ്മയെയും ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തു. കുട്ടിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ ബാലാവകാശ കമ്മിഷനും കേസെടുത്തു. മദ്യലഹരിയിൽ കുട്ടിയെ മർദ്ദിച്ച രണ്ടാനച്ഛൻ രാജേഷിനെ (44) കഴിഞ്ഞദിവസമാണ് പോലീസ് പിടികൂടിയത്. കുട്ടിയെ തൂക്കിയെടുത്ത്‌ ക്രൂരമായി മർദിച്ചശേഷം വസ്ത്രങ്ങൾ അഴിച്ചുമാറ്റി ഓടിച്ചിട്ടും തല്ലി. അടിക്കല്ലേ അച്ഛാ എന്ന് കുട്ടി ഉറക്കെ നിലവിളിച്ചിട്ടും മർദ്ദിക്കുന്ന വീഡിയോയാണ്‌ കഴിഞ്ഞദിവസം പുറത്തുവന്നത്‌.

ഭിന്നശേഷിക്കാരനായ കുട്ടിക്ക് വിദഗ്ധ ചികിത്സ നൽകും. വെൽഫെയർ ചെയർപേഴ്സൺ പ്രസന്നകുമാരി, നിലമേൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സുനു ഗിരീഷ്, എം ജി ശ്രീലത, അബ്രഹാം, ആശാദാസ്, മഞ്ജു, സിന്ധു രേഷ്മ എന്നിവർ പങ്കെടുത്തു. രാജേഷ് കുട്ടികളെ പതിവായി മർദ്ദിച്ചിരുന്നതായും ഇതേത്തുടർന്നാണ് അമ്മ ദൃശ്യങ്ങൾ പകർത്തിയതെന്നും റിപ്പോർട്ടുണ്ട്. അമ്മ ചൈൽഡ് ലൈനിൽ പരാതി നൽകുകയും മർദ്ദനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്യുകയായിരുന്നു.

Related Articles

Back to top button