പാലക്കാട് സിപിഐഎമ്മില്‍ പൊട്ടിത്തെറി; ഏരിയ കമ്മിറ്റി അംഗവും നഗരസഭ കൗണ്‍സിലറുമായ അബ്ദുല്‍ ഷുക്കൂര്‍ രാജിവെച്ചു

പാലക്കാട് സിപിഐഎമ്മില്‍ പൊട്ടിത്തെറി. പാലക്കാട് ഏരിയ കമ്മിറ്റി അംഗവും പാലക്കാട് നഗരസഭ കൗണ്‍സിലറുമായ അബ്ദുല്‍ ഷുക്കൂര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവുമായി ഏരിയ കമ്മിറ്റി യോഗത്തില്‍ ഉണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് രാജി. പാര്‍ട്ടിയിലെ സ്ഥാനമാനങ്ങള്‍ ആരുടെയും ഔദാര്യമല്ലെന്നും അധ്വാനത്തിന്റെ അടയാളമാണെന്നും അബ്ദുല്‍ ഷുക്കൂര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. പാര്‍ട്ടിയിലെ സ്ഥാനങ്ങളുമായി ബന്ധപ്പെട്ട് ചിലരുടെ പ്രതികരണങ്ങള്‍ വേദനിപ്പിച്ചുവെന്ന് അബ്ദുല്‍ ഷുക്കൂര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിലുണ്ടായ പൊലീസ് നടപടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച ഏരിയ കമ്മിറ്റി യോഗത്തിലായിരുന്നു തര്‍ക്കം ഉടലെടുത്തത്. പാര്‍ട്ടിയിലെ സ്ഥാനമാനങ്ങള്‍ ചിലരുടെ ഔദാര്യമാണെന്ന നിലയില്‍ അബ്ദുല്‍ ഷുക്കൂറിനെതിരെ ആരോപണം ഉയര്‍ന്നു. ഇതിന് പിന്നാലെ അബ്ദുല്‍ ഷുക്കൂര്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. ഇതിന് പിന്നാലെയാണ് അബ്ദുല്‍ ഷുക്കൂര്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്. കഴിഞ്ഞ ഒന്നര വര്‍ഷമായി മനസ്സില്‍ കൊണ്ടുനടന്ന ഭാരം ഇറക്കിവെയ്ക്കുകയാണ് എന്നും ഈ പ്രസ്ഥാനത്തില്‍ താന്‍ വഹിച്ച ഉത്തരവാദിത്വങ്ങൾ ആരോ തന്ന ഔദാര്യമോ ‘ഒസിയത്തോ’ ആണെന്ന പരിഹാസം കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായെന്നും അബ്ദുല്‍ ഷുക്കൂര്‍ കുറിപ്പില്‍ പറഞ്ഞു. ഈ നിലയില്‍ താനെത്തിയത് ആരുടെയും കൈനീട്ടം വാങ്ങിയല്ല, മറിച്ച് വെയിലത്തും മഴയത്തും ഈ പാര്‍ട്ടിക്കായി ചെയ്ത വിയര്‍പ്പിന്റെയും അധ്വാനത്തിന്റെയും ഫലമായാണെന്നും അദ്ദേഹം പറഞ്ഞു. തമ്പ്രാന്‍ ചമഞ്ഞ് ഔദാര്യം വിളമ്പുന്നവര്‍ക്ക് മുന്നില്‍ തലകുനിക്കാനില്ല. ആ അധ്യായം ഇവിടെ അവസാനിക്കുന്നു. കപടമായ ഔദാര്യത്തേക്കാള്‍ അന്തസ്സുള്ള നിലപാടാണ് എന്നും വലുത്. ഇന്ന് മുതല്‍ കൂടുതല്‍ സ്വതന്ത്രനായി, കൂടുതല്‍ കരുത്തോടെ മുന്നോട്ടെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

Related Articles

Back to top button