മന്ത്രിക്ക് വീട്ടിൽ ഭക്ഷണം നൽകി; സിപിഐ പ്രവർത്തകനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി

മന്ത്രി ഒ.ജെ. ജനീഷിന് വീട്ടിൽ ഭക്ഷണം നൽകിയ സംഭവത്തെ തുടർന്ന് പാർട്ടി പ്രവർത്തകനെ സിപിഐയിൽ നിന്നും പുറത്താക്കി. സിപിഐയുടെ മുതിർന്ന പ്രവർത്തകനും അഷ്ടമിച്ചിറ ബ്രാഞ്ച് അംഗവുമായ പി.എസ്. അബ്ദുൽ റഹ്മാനെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. പാർട്ടി വിരുദ്ധ പ്രവർത്തനമാണ് നടന്നതെന്നും ഇത് പാർട്ടിക്ക് വലിയ അപമാനമുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് ബ്രാഞ്ച് കമ്മിറ്റി നടപടി സ്വീകരിച്ചത്.

പാർട്ടിയുടെ തീരുമാനം അപ്രതീക്ഷിതവും ഏറെ വേദനിപ്പിക്കുന്നതുമാണെന്ന് അബ്ദുൽ റഹ്മാൻ പറഞ്ഞു. അഞ്ച് പതിറ്റാണ്ടിലേറെയായി പാർട്ടിക്കായി പ്രവർത്തിച്ചുവരുന്ന താൻ, കുടുംബാംഗങ്ങളുടെയും പ്രദേശവാസികളുടെയും അഭ്യർഥന മാനിച്ചാണ് മേയ് 27-ന് മന്ത്രിയെ വീട്ടിൽ സ്വീകരിച്ച് ഭക്ഷണം നൽകിയത് എന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിൽ യാതൊരു രാഷ്ട്രീയ ലക്ഷ്യവുമില്ലായിരുന്നുവെന്നും വ്യക്തിപരമായ സൗഹൃദത്തിന്റെയും ആതിഥേയത്വത്തിന്റെയും ഭാഗമായിട്ടാണ് ഭക്ഷണം നൽകിയതെന്നും അബ്ദുൽ റഹ്മാൻ വിശദീകരിച്ചു.

Related Articles

Back to top button