യുവനേതാവിന്റെ പീഡനക്കേസിൽ നയവും നിലപാടും മാറ്റി കോൺഗ്രസ്..
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ യുവ നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കുന്നത് പാർട്ടിക്ക് രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്ന നിലപാടിൽ കോൺഗ്രസ് നേതൃത്വം. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്നാൽ കടുത്ത മത്സരം നേരിടേണ്ടി വരും എന്ന ആശങ്ക നേതൃത്വത്തിനുണ്ട്. ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലത്തിൽ ജനവിധി യുഡിഎഫിന് എതിരായാൽ അത് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയസാധ്യതയെ ബാധിക്കുമെന്നും കോൺഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎയായി നിലനിർത്താൻ തന്നെയാകും കോൺഗ്രസ് തീരുമാനം. ഇപ്പോൾ പാർട്ടിയിൽ ഉയരുന്ന പ്രതിഷേധങ്ങളെ തണുപ്പിക്കാൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സംഘടനാ നടപടിയെടുക്കും.
ലൈംഗികാരോപണങ്ങളുടെ പേരിൽ രാഹുലിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്യാനാണ് കോൺഗ്രസ് നേതൃത്വം ആലോചിക്കുന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടാകും. കോൺഗ്രസിൽ നിന്നും സസ്പെൻഡ് ചെയ്താലും രാഹുൽ എംഎൽഎയായി തുടരും. കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടിയിലും അംഗമായിരിക്കും. കോൺഗ്രസ് നേതൃത്വം പീഡകനെ സംരക്ഷിക്കുന്നു എന്ന വിമർശനം പാർട്ടിക്കുള്ളിലും പൊതുസമൂഹത്തിലും ഉയരുന്നുണ്ട്. രാഹുലിനെതിരെ പാർട്ടി നടപടി എടുക്കുന്നതോടെ ഈ വിമർശനത്തെ മറികടക്കാനാകും എന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.
നിയമസഭയ്ക്ക് ഇനി ഒരു വർഷം കാലാവധി ഇല്ലത്തതിനാൽ രാഹുൽ നിയമസഭാംഗത്വം രാജിവെച്ചാൽ പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയില്ല. ജനപ്രാതിനിധ്യ നിയമപ്രകാരം ഉപതെരഞ്ഞെടുപ്പ് നടക്കണമെങ്കിൽ നിയമസഭക്ക് ഒരുവർഷമെങ്കിലും കാലാവധി വേണം. എന്നാൽ, തിരഞ്ഞെടുപ്പിന്റെ പ്രസക്തി നിശ്ചയിക്കാനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മിഷനാണെന്ന നിയമോപദേശമാണ് കോൺഗ്രസിന് ലഭിച്ചത്. ഇതനുസരിച്ച് ഉപതെരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചാൽ രാഷ്ട്രീയമായ തിരിച്ചടി നേരിട്ടേക്കാം എന്ന ഭയവും കോൺഗ്രസ് നേതാക്കൾക്കുണ്ട്.
ഉപതെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ സിപിഐ നേതാവ് വാഴൂർ സോമൻ അന്തരിച്ചതു മൂലം ഒഴിവുവന്ന പീരുമേട്ടും ഉപതിരഞ്ഞെടുപ്പ് വേണ്ടിവരും. ഇവിടെ ഇടതുമുന്നണി വിജയിക്കുമെന്നാണ് യുഡിഎഫ് കേന്ദ്രങ്ങൾ കണക്കുകൂട്ടുന്നത്. പാലക്കാട് ബിജെപിക്ക് വലിയ സ്വാധീനമുള്ള മണ്ഡലമാണ്. ഇവിടെ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി പരാജയപ്പെടുന്ന സാഹചര്യമുണ്ടായാൽ അത് വരാനിരിക്കുന്ന തദ്ദേശ – നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്കും മുന്നണിക്കും ദോഷം ചെയ്യുമെന്ന് ഒരുവിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
നിയമസഭയ്‌ക്ക് ഒരു വർഷം കാലാവധി ബാക്കിയില്ലെന്ന കാരണത്താൽ പാലക്കാട്ട് ഉപതിരഞ്ഞെടുപ്പു നടത്താൻ ജനപ്രാതിനിധ്യ നിയമപ്രകാരം വ്യവസ്ഥയില്ല. എന്നാൽ ഹരിയാനയിലെ കർണാൽ ഉപതിരഞ്ഞെടുപ്പു കേസിൽ പഞ്ചാബ്–ഹരിയാന ഹൈക്കോടതിയുടെ വിധി ഇതിനു വിരുദ്ധമായിരുന്നു. പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് ഒരു വർഷമാണെങ്കിലും ഉപതിരഞ്ഞെടുപ്പ് നടത്താമെന്നാണ് ഈ കേസിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെയും വാദം. ഈ വിധി സുപ്രീം കോടതി ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തെങ്കിലും ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള കമ്മിഷന്റെ അധികാരത്തെ ചോദ്യം ചെയ്തിട്ടില്ല.



