താലൂക്ക് ആശുപത്രിയിൽ മൂന്ന് വയസുകാരിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി പരാതി…. ഡിവൈഎഫ്ഐ പ്രതിഷേധം

തിരുവനന്തപുരം: പാറശ്ശാല താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ മൂന്ന് വയസ്സുകാരിയായ കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി ഗുരുതര ആരോപണം. പാറശ്ശാല തളച്ചാൻവിള സ്വദേശിയുടെ മകൾക്കാണ് ആശുപത്രി അധികൃതരുടെ കടുത്ത അനാസ്ഥയെ തുടർന്ന് കാലാവധി കഴിഞ്ഞ മരുന്ന് നൽകി ഡ്രിപ്പ് ഇട്ടത്. കഴിഞ്ഞ ഏപ്രിൽ മാസത്തോടെ കാലാവധി കഴിഞ്ഞ മരുന്നാണ് നിലവിൽ കുട്ടിക്ക് നൽകിയിരിക്കുന്നത്.

സംഭവമറിഞ്ഞ് വലിയ പ്രതിഷേധവുമായി ഡിവൈഎഫ്ഐ രംഗത്തെത്തിയതോടെ ആശുപത്രി പരിസരത്ത് കടുത്ത സംഘർഷാവസ്ഥ ഉടലെടുത്തു. കുഞ്ഞിന്റെ ജീവൻ വെച്ച് പന്താടിയ ആശുപത്രി അധികൃതരുടെ നടപടിക്കെതിരെ ഡിവൈഎഫ്ഐ പാറശ്ശാല ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് ശക്തമായ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പ്രതിഷേധം കണക്കിലെടുത്ത് ആശുപത്രി പരിസരത്ത് വൻ പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരുന്നത്. പ്രതിഷേധക്കാർ ആശുപത്രിയ്ക്കുള്ളിലേക്ക് ഇരച്ചുകയറാതിരിക്കാൻ ആശുപത്രിയുടെ പ്രധാന കവാടം പോലീസ് ബാരിക്കേഡുകൾ വെച്ച് പൂർണ്ണമായി തടഞ്ഞു. ഡിവൈഎഫ്ഐ പ്രവർത്തകരും പോലീസും തമ്മിൽ കവാടത്തിന് മുന്നിൽ കടുത്ത വാക്കേറ്റവും തള്ളലുമുണ്ടായി. ഉത്തരവാദികളായ ജീവനക്കാർക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നാണ് സംഘടനയുടെ ആവശ്യം.

അതേസമയം, സംഭവത്തിൽ കടുത്ത ജനരോഷം ഉയർന്നതോടെ വിശദീകരണവുമായി താലൂക്ക് ആശുപത്രി സൂപ്രണ്ട് രംഗത്തെത്തി. കുട്ടിയുടെ രക്ഷിതാക്കൾ ഉന്നയിച്ച പരാതിയിൽ പിഴവ് സംഭവിച്ചിട്ടുണ്ടാകാമെന്ന് സൂപ്രണ്ട് സമ്മതിച്ചു. ആശുപത്രിയുടെ പഴയ കെട്ടിടത്തിൽ നിന്നും പുതിയ കെട്ടിടത്തിലേക്ക് മരുന്നുകളും മറ്റ് മെഡിക്കൽ സാമഗ്രികളും മാറ്റുന്ന പ്രക്രിയ നിലവിൽ നടക്കുന്നുണ്ടെന്നും, ഈ മാറ്റത്തിനിടയിൽ ജീവനക്കാർക്ക് സംഭവിച്ച പിഴവാകാം ഇതെന്നുമാണ് സൂപ്രണ്ടിന്റെ മറുപടി. സംഭവത്തെക്കുറിച്ച് ആഭ്യന്തര അന്വേഷണം നടത്തുമെന്നും വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ആശുപത്രി അധികൃതർ അറിയിച്ചെങ്കിലും, ഗുരുതരമായ ഇത്തരം കാര്യങ്ങളിൽ സൂപ്രണ്ടിന്റെ ഭാഗത്തുനിന്നുണ്ടായ വിചിത്ര ന്യായീകരണത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. കുട്ടിയുടെ ആരോഗ്യനില നിലവിൽ നിരീക്ഷണത്തിലാണ്.

Related Articles

Back to top button