ഫാമുകളിൽ കോഴികൾ ചത്തൊടുങ്ങുന്നു…. ഉത്പാദനം ഇടിഞ്ഞതോടെ ചിക്കനും പച്ചക്കറിക്കും വിപണിയിൽ പൊള്ളുന്ന വില

സംസ്ഥാനത്ത് കനത്ത വേനൽച്ചൂടിനെ തുടർന്ന് കോഴി ഉത്പാദനത്തിൽ വലിയ കുറവുണ്ടായതോടെ ചിക്കൻ വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ മാത്രം കോഴിയിറച്ചിക്ക് കിലോയ്ക്ക് 50 രൂപയുടെ വർദ്ധനവാണ് വിപണിയിൽ രേഖപ്പെടുത്തിയത്. നിലവിൽ ഒരുകിലോ കോഴിയിറച്ചിക്ക് (ചിക്കൻ സ്റ്റാൾ വില) 240 രൂപ മുതൽ 250 രൂപ വരെയാണ് ഉപഭോക്താക്കൾ നൽകേണ്ടി വരുന്നത്. ജീവനുള്ള കോഴിക്ക് (ലൈവ് ചിക്കൻ) കിലോയ്ക്ക് 160 മുതൽ 165 രൂപ വരെയാണ് നിലവിലെ നിരക്ക്. പ്രാദേശിക ഫാമുകളിലെ കോഴിലഭ്യത അനുസരിച്ച് വിലയിൽ നേരിയ ഏറ്റക്കുറച്ചിലുകൾ പ്രകടമാണ്.

കുടുംബശ്രീയുടെ കേരള ചിക്കൻ ഔട്ട്‌ലെറ്റുകളിൽ ലൈവ് ചിക്കന് കിലോയ്ക്ക് 158 രൂപയായിരുന്നു നിരക്ക്. എന്നാൽ, തെക്കൻ ജില്ലകളിൽ ഇത് 170 രൂപ വരെ ഉയർന്നിട്ടുണ്ട്. അസഹനീയമായ ചൂട് കാരണം സംസ്ഥാനത്തെ വലിയൊരു പങ്ക് ഫാമുകളും കോഴികളെ വളർത്തുന്നത് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. കേരളത്തിലേക്ക് പ്രധാനമായും കോഴികളെ എത്തിക്കുന്ന തമിഴ്‌നാട്, ആന്ധ്ര, കർണ്ണാടക എന്നീ അയൽസംസ്ഥാനങ്ങളിലും ഉത്പാദനം കുറഞ്ഞത് വിപണിയെ ബാധിച്ചു.

കനത്ത ചൂട് മൂലം കോഴികൾ കൂട്ടത്തോടെ ചാവുന്നതും തീറ്റയെടുക്കുന്നത് കുറയുന്നതുമാണ് കർഷകരെ വലയ്ക്കുന്നത്. സാധാരണ കാലാവസ്ഥയിൽ രണ്ടര കിലോ വരെ തൂക്കം ലഭിക്കുന്ന കോഴികൾക്ക്, വേനൽക്കാലത്ത് രണ്ട് കിലോയിൽ താഴെ മാത്രമാണ് തൂക്കം ലഭിക്കുന്നത്. നിലവിൽ കൂടിയ വിലയ്ക്ക് കോഴിക്കുഞ്ഞുങ്ങളെ വാങ്ങി, 40 ദിവസത്തോളം തീറ്റയും മരുന്നും നൽകി പരിചരിക്കുന്ന കർഷകർക്ക് ഈ തൂക്കക്കുറവ് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു. കേരളത്തിൽ നിലവിലെ സാഹചര്യത്തിൽ ഒരു കിലോ കോഴി ഉത്പാദിപ്പിക്കാൻ 110 മുതൽ 130 രൂപ വരെ ചെലവ് വരുന്നുണ്ട്.

ചിക്കനും മീനിനും പുറമെ വിപണിയിൽ പച്ചക്കറികൾക്കും ഇപ്പോൾ പൊള്ളുന്ന വിലയാണ് രേഖപ്പെടുത്തുന്നത്. കനത്ത ചൂടിൽ തമിഴ്നാട്ടിലും കർണ്ണാടകയിലും ഉത്പാദനം കുറഞ്ഞതോടെ തക്കാളി വില കിലോയ്ക്ക് 40-45 രൂപയായി ഉയർന്നു. നീളൻ പയർ വില കിലോയ്ക്ക് 75, കൈപ്പയ്ക്ക വില കിലോയ്ക്ക് 60, വെണ്ടയ്ക്ക വില കിലോയ്ക്ക് 50, പടവലം, വഴുതനങ്ങ കിലോയ്ക്ക് 40-45, കാബേജ് കിലോയ്ക്ക് 40. അതേസമയം, വലിയ ഉള്ളി 45, ചെറിയ ഉള്ളി 65-70 എന്നിവയ്ക്ക് വിപണിയിൽ നിലവിൽ കാര്യമായ വില വർദ്ധനവ് ഉണ്ടായിട്ടില്ലെന്നത് നേരിയ ആശ്വാസമാണ്.

Related Articles

Back to top button