റായ്പുരിലെ വിമാനാപകട വാർത്തയിൽ ട്വിസ്റ്റ്

റായ്പുരിലെ നാരായൺപുരിൽ വിമാനം തകർന്നു വീണെന്ന വാർത്തകൾ ഔദ്യോഗികമായി തള്ളി ഛത്തീസ്ഗഡ് സർക്കാർ. ദേശീയ മാധ്യമങ്ങളിൽ അടക്കം വന്ന റിപ്പോർട്ടുകൾ വസ്തുതാവിരുദ്ധമാണെന്നും നിലവിൽ അങ്ങനെയൊരു അപകടം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കി.
ദേശീയ മാധ്യമമായ എൻഡിടിവി അടക്കമുള്ളവർ നൽകിയ വിവരങ്ങൾ നിഷേധിച്ചുകൊണ്ട് വ്യോമയാന മന്ത്രാലയവും ഛത്തീസ്ഗഡ് സർക്കാരും രംഗത്തെത്തി. വിമാനം തകർന്നുവീണതിന്റെ തെളിവുകളൊന്നും തന്നെ ലഭിച്ചില്ലെന്നും വിമാനം തകരുന്നതിന്റെ ശബ്ദം പ്രദേശവാസികൾ കേട്ടതായുള്ള വിവരമില്ലെന്നും സർക്കാർ അറിയിച്ചു.
സാമൂഹിക മാധ്യമങ്ങളിൽ പുക ഉയരുന്ന ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് വിമാനം തകർന്നു എന്ന രീതിയിലുള്ള വാർത്തകൾ പടർന്നത്. ഇതിനെത്തുടർന്ന് ജാഷ്പുർ ജില്ലയിലെ നാരായൺപുരി പ്രദേശത്ത് ജില്ലാ ഭരണകൂടം വ്യാപകമായ പരിശോധന നടത്തി. കളക്ടർ രോഹിത് വ്യാസ്, എസ്.എസ്.പി ലാൽ ഉമെന്ദ് സിങ്ങ് എന്നിവർ നേരിട്ട് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കുന്നിൻ ചെരിവുകളിലും വനമേഖലകളിലും ഡ്രോണുകൾ ഉപയോഗിച്ച് ആകാശ നിരീക്ഷണം തുടരുകയാണ്. ദുരൂഹമായ സാഹചര്യത്തിൽ എന്തെങ്കിലും ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താൻ പ്രദേശവാസികളിൽ നിന്ന് അധികൃതർ മൊഴിയെടുക്കുന്നുണ്ട്.



