ചേരാനല്ലൂർ അപകടം: ക്രൈംബ്രാഞ്ചിന് മൊഴി നൽകി കൊല്ലപ്പെട്ട ജയബാലകൃഷ്ണൻറെ മകൾ ഭദ്രകീർത്തി

ചേരാനല്ലൂർ ബെൻസ് അപകടക്കേസിൽ ജഡ്ജിക്കെതിരെ മൊഴി നൽകി കൊല്ലപ്പെട്ട ജയബാലകൃഷ്ണൻറെ മകൾ ഭദ്രകീർത്തി. ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയാണ് മൊഴി നൽകിയത്. കേസിലെ പ്രതിയായ 17 കാരൻറെ അച്ഛനും വാഹന ഉടമയുമായ ജഡ്ജി തെളിവുകൾ നശിപ്പിച്ചു എന്നാണ് ഭദ്രകീർത്തിയുടെ പരാതി. സംശയങ്ങളെല്ലാം ക്രൈംബ്രാഞ്ചിനോട് വിശദീകരിച്ചുവെന്ന് ഭദ്രകീർത്തി പറഞ്ഞു.

സിസിടിവി ദൃശ്യങ്ങൾ അടക്കം അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും അന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്നും ഭദ്രകീർത്തി മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതിയായ മകനെ രക്ഷിക്കാൻ അച്ഛൻ കൂടിയായ ജഡ്ജി ഇടപെട്ടെന്നാണ് കൊല്ലപ്പെട്ട ജയബാലകൃഷ്ണൻറെ കുടുംബം ആരോപിക്കുന്നത്. ജഡ്ജി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് തെളിവ് നശിപ്പിക്കാനും അന്വേഷണം അട്ടിമറിക്കാനും ശ്രമിച്ചു എന്നാണ് കുടുംബത്തിന്റെ പ്രധാന ആരോപണം. ഈ പരാതിയിലാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസിപി മൊഴിയെടുത്തത്.

കഴിഞ്ഞ മാസം 25 ന് പുലർച്ചെയാണ് ജഡ്ജിയുടെ മകനായ 17 കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ മ‍ഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ (55) മരിച്ചത്. അപകടമുണ്ടാക്കിയ വിദ്യാർത്ഥി സ്ഥിരം കാറോടിക്കുന്ന ആളാണെന്നാണ് പൊലീസ് പറയുന്നത്. അതിവേഗതയിൽ കാർ ഓടിക്കുന്നതിന്റെ റീൽ ചിത്രീകരിക്കാനായിരുന്നു രാത്രി വൈകി വാഹനവുമായി ഇറങ്ങിയതെന്ന് പൊലീസ് പറയുന്നു. അപകടം സംഭവിക്കുന്നതിന് മുമ്പ് 17 കാരൻ 104 കിലോമീറ്റർ വേഗതയിൽ വാഹനം ഓടിക്കുന്ന ദൃശ്യം പൊലീസിന് കിട്ടിയിട്ടുണ്ട്.

Related Articles

Back to top button