ചാല സ്വർണക്കൊള്ളയിൽ വഴിത്തിരിവ്..

തലസ്ഥാനത്തെ ഞെട്ടിച്ച തിരുവനന്തപുരം ചാല സ്വർണക്കൊള്ളയിൽ ഒരു ജ്വല്ലറി ഉടമയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മാളവിക ജ്വല്ലറി ഉടമ ജയറാമിനെയാണ് കസ്റ്റഡിയിലെടുത്തത്. ജയറാം തന്നെ ഭീഷണിപ്പെടുത്തിയിരുന്നെന്ന് സ്വർണം നഷ്ടപ്പെട്ട വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാർ പൊലീസിന് മൊഴി നൽകിയിരുന്നു.
സ്വർണക്കൊള്ളയ്ക്ക് പിന്നിൽ സ്വർണ കച്ചവടക്കാരുടെ കുടിപ്പകയാണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. മോഷണത്തിന് ഇരയായ ജ്വല്ലറി ഉടമ നന്ദകുമാറിന്റെ വളർച്ചയിൽ അസൂയ പൂണ്ട മറ്റ് ജ്വല്ലറി ഉടമകൾ നൽകിയ ക്വട്ടേഷനാണ് കവർച്ചയെന്നാണ് പൊലീസിന്റെ നിഗമനം. ചാലയിൽ ചെറിയ സ്വർണക്കട നടത്തിയിരുന്ന നന്ദകുമാർ, അടുത്തിടെ വലിയ തോതിൽ ബിസിനസ് നടത്തിയതും, വലിയ വീട് വാങ്ങിയതുമാണ് പക ഇരട്ടിച്ചതെന്നാണ് റിപ്പോർട്ടുകൾ.
മറ്റൊരു ജ്വല്ലറി ഉടമയായ മഹാരാഷ്ട്ര സ്വദേശിയുടെ നേതൃത്വത്തിൽ നൽകിയ ക്വട്ടേഷനാണ് സ്വർണക്കൊള്ളയെന്നാണ് പൊലീസ് കണ്ടെത്തിയതെന്നാണ് സൂചന. ഇയാളും മുമ്പ് സ്വർണക്കവർച്ച കേസുകളിൽ പ്രതിയായിട്ടുള്ള ദിലീപും ചേർന്ന് നന്ദകുമാറിനിട്ട് പണി കൊടുക്കണമെന്ന് തീരുമാനിച്ചു. മദ്യപാനത്തിനിടെയാണ് ക്വട്ടേഷൻ ആസൂത്രണം ചെയ്തത്. ചാല സ്വദേശി അനൂപുമായി ചേർന്നാണ് പദ്ധതി പ്ലാൻ ചെയ്തത്. കവർച്ച ചെയ്തു കിട്ടുന്നതിന്റെ പകുതിയിലേറെ ക്വട്ടേഷൻ സംഘത്തിന് നൽകാമെന്നാണ് വാഗ്ദാനം ചെയ്തത്.
പ്രതികളിലൊരാളായ ഷാഡോ അനിയുടെ വാട്സ്ആപ്പ് ഡിപി ചിത്രമാണ് ഇവരിലേക്ക് എത്തിച്ചത്. കവർച്ച നടത്തിയ ശേഷം പ്രതികൾ ഇരുചക്രവാഹനം പാപ്പനംകോട് ഉപേക്ഷിച്ച്, കാത്തു കിടന്ന അനൂപ് രാജിന്റെ കാറിൽ കയറി. തുടർന്ന് തമിഴ്നാട്ടിലേക്ക് പോയി. പൊലീസ് പിന്തുടരുന്നത് അറിഞ്ഞ് ബാംഗ്ലൂരിലേക്ക് കടന്നു. അവിടെ നിന്നും വയനാട്ടിലേക്ക് എത്തിയപ്പോഴാണ് പൊലീസ് കാർ വളഞ്ഞ് പ്രതികളെ പിടികൂടുന്നത്. മൂന്നുപേർ വയനാട്ടിൽ വെച്ചും രണ്ടുപേർ തിരുവനന്തപുരത്തുമാണ് അറസ്റ്റിലായത്.



