ഇന്ധന കയറ്റുമതി തീരുവ പകുതിയോളം വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ

പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരുന്ന ഇന്ധനങ്ങളുടെ കയറ്റുമതി തീരുവ കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു. പെട്രോൾ, ഡീസൽ, വിമാന ഇന്ധനം എന്നിവയ്ക്കാണ് തീരുവ കുറച്ചത്. പുതുക്കിയ നിരക്കുകൾ നാളെ മുതൽ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞ സാഹചര്യത്തിൽ ആഭ്യന്തര എണ്ണക്കമ്പനികളെ സഹായിക്കാനാണ് കേന്ദ്രത്തിന്റെ ഈ അടിയന്തര നടപടി.
പുതുക്കിയ നിരക്കുകൾ പ്രകാരം പെട്രോളിന്റെ കയറ്റുമതി തീരുവ ലീറ്ററിന് മൂന്ന് രൂപയിൽ നിന്ന് ഒന്നര രൂപയാക്കി പകുതിയായി നിശ്ചയിച്ചു. ഡീസലിന്റേത് ലീറ്ററിന് 16.5 രൂപയിൽ നിന്ന് 13.5 രൂപയായും വിമാന ഇന്ധനത്തിന്റേത് 16 രൂപയിൽ നിന്ന് 9.5 രൂപയായും കുറച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ കയറ്റുമതി തീരുവ കുറച്ചെങ്കിലും രാജ്യത്തെ സാധാരണക്കാരായ ഉപഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കില്ല. ആഭ്യന്തര വിപണിയിലെ പെട്രോൾ-ഡീസൽ വിലയിൽ ഈ തീരുമാനത്തിന്റെ ഭാഗമായി യാതൊരു മാറ്റവും ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ നയം വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് നിലവിൽ ഇന്ധന പ്രതിസന്ധിയില്ലെന്നും സർക്കാർ കൂട്ടിച്ചേർത്തു.



