ആശുപത്രികളിലെ ചികിത്സാ വസ്തുക്കളുടെ കൊള്ളവിലയിൽ ഇടപെടാനൊരുങ്ങി കേന്ദ്രം….

ചികിത്സയ്ക്കുപയോഗിക്കുന്ന വസ്തുക്കൾക്ക് ആശുപത്രികൾ കൊള്ളവില ഈടാക്കുന്നതിൽ ഇടപെ‌ടാനൊരുങ്ങി കേന്ദ്രം. പല വസ്തുക്കൾക്കും കൊള്ളലാഭമെടുക്കുന്നുവെന്നു തെളിഞ്ഞതിനെത്തുടർന്നാണ് ദേശീയ ഔഷധവിലനിയന്ത്രണ സമിതി ഇടപെടുന്നത്. വിശദറിപ്പോർട്ടു നൽകാൻ കേന്ദ്ര ആരോഗ്യവകുപ്പ് സമിതിയോടു നിർദേശിച്ചു.

മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷൻ (എഫ്.ഡി.എ.) കമ്മിഷണർ തുക്കാറാം മുണ്ഡേയുടെ നേതൃത്വത്തിൽ നടത്തിയ സർവേയിലാണു കൊള്ളലാഭം തെളിഞ്ഞത്. സംഭരണവിലയും രോഗികൾക്കു നൽകുന്ന വിലയും തമ്മിൽ ഞെട്ടിക്കുന്ന അന്തരം കണ്ടെത്തി. ചില ആശുപത്രികളിൽ 2,500 ശതമാനത്തിലധികം ലാഭം ഈടാക്കിയെന്നാണു സർവേ റിപ്പോർട്ട്. 11.05 രൂപയ്ക്കു വാങ്ങിയ ഐ.വി. സെറ്റിന് രോഗി നൽകേണ്ടിവന്നത് 325 രൂപ! മഹാരാഷ്ട്രയ്ക്കു പുറമേ തമിഴ്‌നാട്, രാജസ്ഥാൻ, പഞ്ചാബ് സംസ്ഥാനങ്ങളിലെ ഡ്രഗ്‌സ് വിഭാഗങ്ങളും ആശങ്കയുന്നയിച്ച് കേന്ദ്ര ഡ്രഗ്‌സ് വിഭാഗത്തിനു കത്തുനൽകി. ആശുപത്രി ബില്ലിലെ കൊള്ളലാഭ പ്രവണതയെക്കുറിച്ച് ഉപഭോക്തൃസംഘടനകളും പൊതുജനാരോഗ്യ പ്രവർത്തകരും ഏറെക്കാലമായി ആക്ഷേപമുന്നയിക്കുന്നുണ്ട്. എന്നാൽ, ഒരു സർക്കാർ സംവിധാനം ഔദ്യോഗികമായി റിപ്പോർട്ടു കൊടുക്കുന്നത് അപൂർവമാണ്.ഹൃദ്രോഗചികിത്സയ്ക്കുപയോഗിക്കുന്ന സ്റ്റെന്റ്, കൃത്രിമ അസ്ഥിഘടകങ്ങൾ എന്നിവയെ വില നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. നിലവിലെ നിയമപ്രകാരം അവശ്യമരുന്നു പട്ടികയിലുള്ളവയുടെ വില മാത്രമേ നിയന്ത്രിക്കാനാകൂ. വ്യാപകമായി ഉപയോഗിക്കുന്നവയെ ഈ പട്ടികയിൽ ഉൾപ്പെടുത്തുക നിയമപരമായി ബുദ്ധിമുട്ടാണ്.

Related Articles

Back to top button