ഇ.ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട കേസ്.. സിപിഐഎം നേതാവ് ഐ.പി. ബിനുവിന്…

തിരുവനന്തപുരം ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഐഎം നേതാവ് ഐ.പി. ബിനുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇതോടെ കേസിൽ ജാമ്യം ലഭിച്ച പ്രതികളുടെ എണ്ണം 24 ആയി. നേരത്തെ 67 ദിവസത്തെ ജയിൽവാസത്തിന് ശേഷം കേസിലെ ഒമ്പത് പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. പ്രതികൾക്ക് ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും അന്വേഷണം അട്ടിമറിക്കാനാണ് ആക്രമണം നടത്തിയതെന്നുമാണ് പ്രോസിക്യൂഷനും ഇ.ഡിയും കോടതിയിൽ വാദിച്ചത്.
അതേസമയം, പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ ഗുരുതരമാണെന്നതിൽ തർക്കമില്ലെങ്കിലും അന്വേഷണം ഏറെക്കുറെ പൂർത്തിയായ സാഹചര്യവും തെളിവുകൾ ശേഖരിച്ചുകഴിഞ്ഞതും പരിഗണിച്ചാണ് ജാമ്യം അനുവദിച്ചതെന്ന് കോടതി വ്യക്തമാക്കി. കേസിൽ പ്രഥമദൃഷ്ട്യ വധശ്രമക്കുറ്റം നിലനിൽക്കുമോയെന്നും കോടതി വാദത്തിനിടെ ചോദ്യം ഉയർത്തിയിരുന്നു. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ പരിശോധനയ്ക്കെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിൽ ആകെ 25 പേരെയാണ് പ്രതിചേർത്തിരിക്കുന്നത്. കേസിലെ അന്വേഷണം തുടരുകയാണ്.



