ആകാശത്ത് പാരച്യൂട്ടുകൾ തമ്മിൽ കുരുങ്ങി രണ്ട് പ്രമുഖ വനിത സ്കൈഡൈവർമാർക്ക് ദാരുണാന്ത്യം

കലിഫോർണിയയിൽ സ്കൈഡൈവിങ് പരിപാടിക്കിടെ ആകാശത്ത് കൂട്ടിയിടിച്ച് രണ്ട് വനിതാ സ്കൈഡൈവർമാർ മരിച്ചു. വെള്ളിയാഴ്ച സ്കൈഡൈവ് എൽസിനോർ കേന്ദ്രത്തിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ലൈസൻസുള്ള പരിചയസമ്പന്നരായ സ്കൈഡൈവർമാരാണ് അപകടത്തിൽപ്പെട്ടതെന്ന് സ്കൈഡൈവ് എൽസിനോർ അധികൃതർ അറിയിച്ചു. അപകടത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് റിവർസൈഡ് കൗണ്ടി ഷെരീഫ് വിഭാഗം സ്ഥലത്തെത്തി.

മരിച്ചവരെ ഇലിനോയിയിലെ അറോറ സ്വദേശിനി ലെവി പിമെൻറ്റൽ (29), സൗത്ത് ഡക്കോട്ടയിലെ ബോക്സ് എൽഡർ സ്വദേശിനി ജോർജിയ ജീൻ (56) എന്നിവരായി റിവർസൈഡ് കൗണ്ടി കൊറോണർ ഓഫിസ് തിരിച്ചറിഞ്ഞു.

ഫ്രീഫാൾ ഘട്ടവും പാരച്യൂട്ട് തുറക്കലും സാധാരണ രീതിയിലായിരുന്നു. എന്നാൽ നിലത്തിറങ്ങാൻ തയ്യാറെടുക്കുന്നതിനിടെ ഭൂമിയിൽനിന്ന് ഏകദേശം 150 അടി ഉയരത്തിൽ ഇരുവരും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇതോടെ പാരച്യൂട്ടുകൾ തമ്മിൽ കുടുങ്ങുകയും ഇരുവരും നിയന്ത്രണം നഷ്ടപ്പെട്ട് നിലത്തേക്ക് പതിക്കുകയുമായിരുന്നു. വീഴ്ചയിൽ ഗുരുതരമായി പരുക്കേറ്റാണ് മരണം സംഭവിച്ചത്.

അപകടത്തിൽ ഉപകരണ തകരാർ ഉണ്ടായതിന്റെ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് സ്കൈഡൈവ് എൽസിനോർ അധികൃതർ വ്യക്തമാക്കി. പരിപാടിയിൽ പങ്കെടുക്കുന്നതിനായി മറ്റു നഗരങ്ങളിൽനിന്ന് എത്തിയവരായിരുന്നു ഇരുവരും.

Related Articles

Back to top button