അപകട മരണക്കേസിൽ രണ്ട് വർഷത്തിന് ശേഷം വഴിത്തിരിവ്….മകനെ രക്ഷിക്കാൻ തെളിവ് നശിപ്പിച്ച് അച്ഛൻ….

കോഴിക്കോട് കക്കോടി സ്വദേശിയായ ബാലകൃഷ്ണന്റെ അപകട മരണക്കേസിൽ രണ്ട് വർഷത്തിന് ശേഷം വഴിത്തിരിവ്. ബാലകൃഷ്ണനെ ഇടിച്ചത് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾ ഓടിച്ച ഇരുചക്ര വാഹനമെന്ന് പൊലീസിൻ്റെ കണ്ടെത്തൽ. സംഭവത്തിൽ അപകടത്തിനിടയാക്കിയ വാഹനം മോഡിഫൈഡ് ചെയ്ത് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന് ഇരുചക്ര വാഹനത്തിൽ ഉണ്ടായിരുന്ന വിദ്യാർത്ഥിയുടെ അച്ഛനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.

കക്കോടി കൂടത്തുംപൊയിലിൽ 2024 ജനുവരി 12ന് രാത്രി 9:30നാണ് അപകടം നടന്നത്. കാൽനട യാത്രക്കാരനായ ബാലകൃഷ്ണനെ ഇടിച്ചുവീഴ്ത്തിയതിന് ശേഷം ഇരുചക്ര വാഹനം നിർത്താതെ പോകുകയായിരുന്നു. ഏറെ നേരത്തിന് ശേഷമാണ് ബാലകൃഷ്ണനെ ആളുകൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിറ്റേദിവസം കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് ബാലകൃഷ്ണന് മരണം സംഭവിച്ചു.

വാഹന നമ്പർ കേന്ദ്രീകരിച്ച് ഒന്നര വർഷത്തോളം പൊലീസ് അന്വേഷണം നടത്തിയെങ്കിലും വാഹനം കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ എലത്തൂർ പൊലീന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കേസിൽ വീണ്ടും അന്വേഷണം ആരംഭിച്ചു. എലത്തൂർ സിഐയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് ഇരുചക്ര വാഹനം ഓടിച്ചത് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളാണെന്ന വിവരം ലഭിച്ചത്. അപകടത്തെക്കുറിച്ച് വിദ്യാർത്ഥികൾ വീട്ടിൽ അറിയിച്ചതിനെ തുടർന്ന് വലിയ രീതിയിലുള്ള ക്രിമിനൽ ഗൂഢാലോചന നടന്നതായി പൊലീസ് കണ്ടെത്തി.

Related Articles

Back to top button