‘മുനമ്പത്തെ ജനങ്ങൾക്ക് ഭൂമി നൽകുകയല്ല….മുസ്‌ലിം-കൃസ്ത്യൻ സംഘർഷമുണ്ടാകുകയാണ് ബിജെപിയുടെ അജണ്ട….സന്ദീപ് വാര്യർ
കൊച്ചി: മുനമ്പം വിഷയത്തിൽ ബിജെപി ജനങ്ങളെ പറഞ്ഞു പറ്റിക്കുകയായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. മുനമ്പത്തെ ജനങ്ങൾക്ക് ഭൂമി നൽകുക എന്നതല്ല ബിജെപിയുടെ ലക്ഷ്യമെന്നും മറിച്ച് മുസ്ലീം കൃസ്ത്യൻ സംഘർഷം സൃഷ്ടിക്കുകയാണ് ബിജെപിയുടെ അജണ്ടയെന്ന് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു. മുനമ്പത്തെ ജനങ്ങൾക്ക് ഇന്ന് അത് മനസ്സിലായെന്നും സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു.
‘വഖഫ് അമെൻഡ്മെൻറ് ആകട് മുനമ്പം വിഷയത്തിന് പരിഹാരമല്ലെന്ന് കിരൺ റിജിജു തന്നെ തുറന്ന് സമ്മതിച്ചതോടെ ഇത്രയും ദിവസം അവരെ ബിജെപി പറഞ്ഞു പറ്റിക്കുകയായിരുന്നു എന്ന് വ്യക്തമായി. കോൺഗ്രസ് ഇത് നേരത്തെ പറഞ്ഞപ്പോൾ വൈകാരികമായി എതിർത്ത പലർക്കും ഇപ്പോൾ പറ്റിയ തെറ്റ് ബോധ്യപ്പെട്ടിരിക്കും. നിയമനിർമ്മാണം കൊണ്ടുവന്ന് ശബരിമലയിൽ ആചാര സംരക്ഷണം ഉറപ്പുവരുത്തുമെന്ന് പറഞ്ഞ് ഹിന്ദുക്കളെ പണ്ടേ പറ്റിച്ചവരാണ് ബിജെപി കേന്ദ്ര നേതൃത്വം. എൻഎസ്എസ് കേസിന് പോയതുകൊണ്ടു മാത്രമാണ് ആചാരലംഘനം അന്ന് എന്നെന്നേക്കുമായി തടയപ്പെട്ടു’ സന്ദീപ് കുറിപ്പിൽ പറയുന്നു.