പശ്ചിമ ബംഗാളിലെ നിയമനത്തെ വിമർശിച്ച രാഹുൽ ​ഗാന്ധി കേരളത്തിലെ സംഭവത്തിൽ മൗനം പാലിക്കുന്നു; രൂക്ഷവിമർശനവുമായി ബിജെപി

മുഖ്യമന്ത്രി വി.ഡി സതീശന്റെ സെക്രട്ടറിയായി മുൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായ ഡോ. രത്തൻ യു. കേൽക്കറെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദം ദേശീയ രാഷ്ട്രീയത്തിലും ചർച്ചയാകുന്നു. രത്തൻ യു. കേൽക്കറുടെ നിയമനത്തെ ചൂണ്ടിക്കാട്ടി ബിജെപി നേതാവ് അമിത് മാളവ്യ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. പശ്ചിമ ബംഗാളിലെ സമാന നിയമനങ്ങളെ വിമർശിച്ചിരുന്ന രാഹുൽ ​ഗാന്ധി കേരളത്തിലെ സംഭവത്തിൽ മൗനം പാലിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. സീനിയോറിറ്റി മാനദണ്ഡങ്ങൾ മറികടന്നാണ് രത്തൻ കേൽക്കറുടെ നിയമനമെന്നും ബിജെപി നേതാവ് വിമർശിച്ചു.

അതേസമയം, വിവാദങ്ങൾക്കിടയിലും ഡോ. രത്തൻ യു. കേൽക്കർ ഇന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ചുമതലയേൽക്കും. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം അവധിദിനത്തിലാണെങ്കിലും അദ്ദേഹം ചുമതലയേൽക്കുന്നതായാണ് വിവരം.

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സ്ഥാനത്തുനിന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചതിനെതിരെ സാമൂഹിക മാധ്യമങ്ങളിലും രാഷ്ട്രീയ വൃത്തങ്ങളിലും വിമർശനങ്ങൾ ഉയർന്നിരുന്നു. സിപിഎം നേതാവ് പി രാജീവ് ഉൾപ്പെടെയുള്ളവർ നിയമനത്തെ ചോദ്യം ചെയ്തു. യുഡിഎഫിന് തിരഞ്ഞെടുപ്പിൽ ലഭിച്ച വിജയത്തിന് പിന്നാലെയുള്ള “ഉപകാരസ്മരണം” ആണിതെന്ന ആരോപണവും പ്രതിപക്ഷം ഉന്നയിച്ചു.

എന്നാൽ നിയമനത്തിന് രാഷ്ട്രീയ നിറം നൽകേണ്ടതില്ലെന്നും, രത്തൻ കേൽക്കർ കഴിവും കാര്യക്ഷമതയും തെളിയിച്ച ഉദ്യോഗസ്ഥനാണെന്നും മന്ത്രി കൂടിയായ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചു. നിയമനം പൂർണമായും ഭരണപരമായ തീരുമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button