കമ്യൂണിസ്റ്റ് നേതാവിന്റെ അനുസ്മരണം സംഘടിപ്പിക്കാൻ ബിജെപി

മുൻമന്ത്രിയും സിപിഐ നേതാവുമായ പികെ ചാത്തൻമാസ്റ്റർ അനുസ്മരണം സംഘടിപ്പിക്കാനൊരുങ്ങി ബിജെപി. ആദ്യ ഇഎംഎസ് മന്ത്രിസഭയിലെ തദ്ദേശസ്വയം ഭരണവകുപ്പ് മന്ത്രിയായിരുന്നു ചാത്തൻമാസ്റ്റർ. പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട സംസ്ഥാനത്തെ ആദ്യമന്ത്രിയും പികെ ചാത്തൻ മാസ്റ്ററാണ്. പട്ടികജാതി വിഭാഗത്തെ കൂടുതൽ പാർട്ടിക്കൊപ്പം നിർത്തുന്നതിന്റെ ഭാഗമായാണ് ആശയപരമായ ഏതിർപ്പുകൾ മാറ്റിവച്ച് ഇടതുമുന്നണി നേതാവിന്റെ അനുസ്മരണ പരിപാടി സംഘടിപ്പിക്കാനുള്ള ബിജപി തീരുമാനം.

ബിജെപി സംസ്ഥാന അധ്യക്ഷൻ നിതിൻ നബിന്റെ കേരള സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുറത്ത് ഈ ആഴ്ച പരിപാടി നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ അദ്ദേഹത്തിന്റെ സന്ദർശനം മാറ്റിവെച്ചിരുന്നു. ഈ മാസം തന്നെ അനുസ്മരണ ചടങ്ങ് നടക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

‘ഒരു ഇടതുപക്ഷ രാഷ്ട്രീയനേതാവ് എന്നതിലുപരി ഉപരി, സർക്കാരുകൾ അവഗണിച്ച ഒരു നവോത്ഥാന നേതാവായിരുന്നു ചാത്തൻ മാസ്റ്റർ. പട്ടികജാതി വിഭാഗത്തിൽ ചാത്തൻ മാസ്റ്ററെപ്പോലെ നിരവധി വ്യക്തികൾ ഉണ്ട്, അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്,’ ബിജെപി വൃത്തങ്ങൾ വ്യക്തമാക്കി. കേരള പുലയ മഹാസഭയുടെ സ്ഥാപക നേതാവാണ് പികെ ചാത്തൻ മാസ്റ്റർ. ഇപ്പോൾ സംഘടന രണ്ട് വിഭാഗമായെങ്കിലും എല്ലാവരെയും പരിപാടിയിലേക്ക് ക്ഷണിക്കുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, ബി.ജെ.പിയുടെ ഈ നീക്കം രാഷ്ട്രീയ വഞ്ചനയാണെന്ന് സി.പി.എം നേതാവും മുൻ രാജ്യസഭാ എംപിയുമായ കെ സോമപ്രസാദ് പറഞ്ഞു. അവസാനനിമിഷം വരെ അചഞ്ചലനായ കമ്യൂണിസ്റ്റ് നേതാവാണ് പികെ ചാത്തൻമാസ്റ്റർ. വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തെ അനുസ്മരിക്കാൻ ശ്രമിക്കുന്നത് രാഷ്ട്രീയ വഞ്ചനയാണ്. ചാതുർവർണ്യ വ്യവസ്ഥയിൽ അധിഷ്ഠിതമായ സനാതന ധർമ്മം ഇപ്പോഴും ഉയർത്തിപ്പിടിക്കുന്ന ആർഎസ്എസിനും ബിജെപിക്കുമൊപ്പം ദളിത് സമൂഹം ഒരിക്കലും നിൽക്കില്ലെന്നും സോമപ്രസാദ് കൂട്ടിച്ചേർത്തു.

Related Articles

Back to top button