ജപ്തിക്കിടെ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ശ്രമം… രോഗിയായ വീട്ടമ്മയെ സ്ട്രെക്ച്ചറോടെ പുറത്താക്കി വീട് പൂട്ടിച്ച് അധികൃതര്‍​

തിരുവനന്തപുരം: പാറശാലയില്‍ വീട് ജപ്തി ചെയ്യുന്നതിനിടെ തലയില്‍ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടുടമയെയും മക്കളെയും കോടതി ഉത്തരവോടെ അധികൃതര്‍ പുറത്താക്കി. കടുത്ത രോഗബാധിതയായ വീട്ടുടമ ഫ്ലോറന്‍സിനെ നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ട്രെക്ച്ചറില്‍ എടുത്തു പുറത്തു കടത്തിയാണ് വീട് ജപ്തി ചെയ്തത്.

ചികിത്സാ ആവശ്യങ്ങള്‍ക്കായി പത്ത് വര്‍ഷം മുന്‍പ് വാങ്ങിയ കടത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് ഒടുവില്‍ ജപ്തി നടപടികളിലും നാടകീയ രംഗങ്ങളിലും കലാശിച്ചത്. ​പാറശാല സ്വദേശിയായിരുന്ന ജെയിംസ് തന്റെ ചികിത്സാ ആവശ്യങ്ങള്‍ക്കായി പത്ത് വര്‍ഷം മുന്‍പാണ് ബന്ധുവായ മോഹന്‍ദാസില്‍ നിന്ന് പണം കടം വാങ്ങിയത്. നിശ്ചിത സമയത്തിനകം പണം തിരികെ നൽകാൻ കഴിഞ്ഞില്ലെങ്കിൽ വീട് എഴുതി നൽകാമെന്ന് ഇവര്‍ പത്രത്തില്‍ പരസ്യം നല്‍കുകയും ചെയ്തിരുന്നു. ഇതിനിടെ, വസ്തുവിന്റെ കരം തീര്‍ത്തു തരാമെന്ന് വിശ്വസിപ്പിച്ച് മോഹന്‍ദാസ് വീട്ടിലെത്തി ആധാരത്തിന്റെ ഒറിജിനല്‍ കൈപ്പറ്റിയതായി കുടുംബം പറയുന്നു.

പിന്നീട് കടബാധ്യത നിലനില്‍ക്കെ തന്നെ ജെയിംസ് മരണപ്പെടുകയായിരുന്നു.​ജെയിംസിന്റെ മരണത്തിന് പിന്നാലെ മോഹന്‍ദാസ് കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് 17 ലക്ഷം രൂപ കടം തീര്‍ത്തു നൽകാമെന്ന് ജെയിംസിന്റെ കുടുംബം അറിയിച്ചെങ്കിലും കേസില്‍ നിന്ന് പിന്മാറാന്‍ മോഹന്‍ദാസ് തയ്യാറായില്ല. ഒടുവില്‍ അനുകൂലമായ കോടതി ഉത്തരവ് സമ്പാദിച്ച് മോഹന്‍ദാസ് പാറശാല പോലീസിനെ സമീപിക്കുകയായിരുന്നു.​കഴിഞ്ഞ ദിവസം പോലീസും ഫയര്‍ഫോഴ്സും ജപ്തിക്കായി വീട്ടിലെത്തിയപ്പോഴാണ് ഫ്ലോറന്‍സും മക്കളും തലയിലൂടെ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ശ്രമം നടത്തിയത്. ഇതേത്തുടര്‍ന്ന് താല്ക്കാലികമായി നിർത്തിവെച്ച നടപടികളാണ് ഇന്ന് രാവിലെ വന്‍ പോലീസ് സന്നാഹത്തോടെയെത്തി അധികൃതർ പൂര്‍ത്തിയാക്കിയത്. രോഗിയായ ഫ്ലോറന്‍സിനെ സ്ട്രെക്ച്ചറില്‍ പുറത്തേക്ക് മാറ്റിയ ശേഷം വീട് കോടതി ഉദ്യോഗസ്ഥര്‍ പൂട്ടി മുദ്രവെച്ചു.

Related Articles

Back to top button