വാഹനാപകടത്തിനിടെ പീഡനശ്രമം…. അന്വേഷണം ഉന്നത വനിതാ ഉദ്യോഗസ്ഥയ്ക്ക് കൈമാറണം… പൊലീസിനെതിരെ യുവതി രംഗത്ത്

തിരുവനന്തപുരം: വാഹനാപകട സമയത്ത് തനിക്ക് നേരെ നടന്ന ലൈംഗികാതിക്രമക്കേസിൽ കായംകുളം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നൽകി യുവതി. കേസ് അന്വേഷണം സത്യസന്ധമല്ലെന്നും ഉന്നത വനിതാ പൊലീസ് ഉദ്യോഗസ്ഥയെക്കൊണ്ട് സംഭവം അന്വേഷിപ്പിക്കണമെന്നുമാണ് യുവതിയുടെ ആവശ്യം.

താൻ നൽകിയ മൊഴി പൊലീസ് കൃത്യമായി രേഖപ്പെടുത്തിയില്ലെന്ന് യുവതി ആരോപിക്കുന്നു. പറഞ്ഞ പല കാര്യങ്ങളും ഒഴിവാക്കിയാണ് പൊലീസ് മൊഴി തയ്യാറാക്കിയത്. ഒന്നാം പ്രതിയെ സഹായിക്കുന്ന രീതിയിലുള്ള ദുർബലമായ വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. കായംകുളം പൊലീസിന്റെ ഭാഗത്തുനിന്നും പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് ഉണ്ടായതെന്നും അവിടെനിന്ന് നീതി ലഭിക്കില്ലെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

വാഹനാപകടം നടന്ന സമയത്താണ് യുവതിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. രക്ഷിക്കാനെത്തിയവർ എന്ന വ്യാജേനയെത്തിയ പ്രതികൾ ഉപദ്രവിക്കുകയായിരുന്നു. എന്നാൽ കേസിന്റെ ഗൗരവം കുറയ്ക്കുന്ന രീതിയിലാണ് പൊലീസിന്റെ നീക്കമെന്ന് കണ്ടതോടെയാണ് യുവതി ഡിജിപിയെ നേരിട്ട് സമീപിച്ചത്. സംഭവത്തിൽ അന്വേഷണം ഉന്നതതലത്തിൽ നടത്തണമെന്നും കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. യുവതിയുടെ പരാതിയിൽ ഡിജിപി ഉടൻ തീരുമാനമെടുത്തേക്കും.

Related Articles

Back to top button