ടോൾ പ്ലാസകളിലെ ശുചിമുറികൾ വൃത്തിഹീനമാണെങ്കിൽ പരാതിപ്പെടുന്നവർക്ക് പാരിതോഷികം

ന്യൂഡൽഹി: ദേശീയപാതയിൽ ടോൾ പ്ലാസകളിലെ ശുചിമുറികൾ വൃത്തിഹീനമാണെങ്കിൽ പരാതിപ്പെടാം. ഇത്തരത്തിൽ പരാതിപ്പെടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് കേന്ദ്ര മന്ത്രാലയം. വൃത്തിഹീനമായ ശുചിമുറികളുടെ ചിത്രം മൊബൈൽ ആപ്പിൽ അപ്ലോഡ് ചെയ്യുന്നവർക്ക് 1,000 രൂപ ഫാസ്ടാഗ് ക്രെഡിറ്റായി ലഭിക്കും. ‘ക്ലീൻ ടോയ്ലറ്റ് പിക്ചർ ചലഞ്ച്’ ആണ് കേന്ദ്ര മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടൊപ്പം ഏപ്രിൽ 10 മുതൽ ടോൾ പ്ലാസകളിൽ പണം നേരിട്ട് സ്വീകരിക്കുന്നത് നിർത്തലാക്കിക്കൊണ്ടുള്ള നിർണ്ണായക തീരുമാനവും പുറത്തുവന്നു.
ദേശീയപാതകളിലെ യാത്രക്കാർക്ക് വൃത്തിയുള്ള ശുചിമുറികൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. ടോൾ പ്ലാസകളിലെ ശുചിമുറികൾ വൃത്തിഹീനമാണെന്ന് കണ്ടാൽ അതിന്റെ ഫോട്ടോ എടുത്ത് ‘രാജ്മാർഗ് യാത്ര’ എന്ന മൊബൈൽ ആപ്പിൽ അപ്ലോഡ് ചെയ്യണം. ഉദ്യോഗസ്ഥർ പരാതി പരിശോധിച്ചു ബോധ്യപ്പെട്ടാൽ പരാതിക്കാരന്റെ ഫാസ്ടാഗ് അക്കൗണ്ടിലേക്ക് 1,000 രൂപ ക്രെഡിറ്റാവും. പൊതുജനങ്ങളെക്കൂടി പങ്കാളികളാക്കി ഹൈവേകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ നിലവാരം ഉയർത്താനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
ദേശീയപാത അതോറിറ്റി പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം ഏപ്രിൽ 10 മുതൽ ടോൾ പ്ലാസകളിൽ പണമിടപാട് പൂർണ്ണമായും നിർത്തലാക്കും. ടോൾ പ്ലാസകളിൽ ഇനി ഫാസ്ടാഗ് അല്ലെങ്കിൽ യുപിഐ വഴി മാത്രമേ പണമടയ്ക്കാൻ സാധിക്കൂ. പണമായി ടോൾ സ്വീകരിക്കുന്നത് ഒഴിവാക്കി ട്രാഫിക് ബ്ലോക്ക് കുറയ്ക്കാനാണ് ഈ നീക്കം. ഫാസ്ടാഗ് ഇല്ലാതെ യുപിഐ വഴി പണമടയ്ക്കുന്നവർക്ക് നിശ്ചിത തുകയുടെ 25 ശതമാനം പിഴ കൂടി നൽകേണ്ടി വരും. ഉദാഹരണത്തിന്, 100 രൂപയാണ് ടോൾ എങ്കിൽ യുപിഐ വഴി 125 രൂപ നൽകണം. സർക്കാർ തിരിച്ചറിയൽ രേഖകൾ കാണിച്ച് സ്വകാര്യ വാഹനങ്ങളിൽ ടോൾ ഇളവ് തേടുന്നത് ഇനി അനുവദിക്കില്ല. ടോൾ ഇളവുള്ള വാഹനങ്ങൾക്കും ഇനി മുതൽ പ്രത്യേകമായി നൽകുന്ന ‘എക്സംപ്റ്റഡ് ഫാസ്ടാഗ്’ നിർബന്ധമാണ്



