ഒരു മാസത്തിനിപ്പുറം വീണ്ടും അപകടം; തലസ്ഥാനത്തെ മെത്തക്കടയിൽ രണ്ടാം തവണയും….

തിരുവനന്തപുരം പട്ടത്ത് പ്രവർത്തിക്കുന്ന മെത്തക്കടയിൽ വീണ്ടും തീപിടിത്തം. ഇന്ന് ഉച്ചയ്‌ക്ക് ഒരു മണിയോടുകൂടിയായിരുന്നു അപകടം. കഴിഞ്ഞ മാസം 16-ാം തീയതിയും ഇതേ മെത്തക്കടയിൽ തീപിടിത്തം ഉണ്ടായിരുന്നു. മൂന്ന് യൂണിറ്റ് ഫയർഫോഴ്‌സ് സംഘം എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

കടയ്ക്ക് തീപിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ആശാ വർക്കറാണ് ഫയർഫോഴ്‌സിനെ വിവരം അറിയിച്ചത്. തുടർന്ന് അഗ്നി രക്ഷാസേനയെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. കഴിഞ്ഞ മാസമുണ്ടായ അപകടത്തിൽ ഇതേ മെത്തക്കടയ്‌ക്കായി പ്രവർത്തിച്ചിരുന്ന രണ്ടു നിലകളുള്ള ഷെഡാണ് കത്തി നശിച്ചത്. അന്ന് ഇരുപത്തിരണ്ടോളം ഫയർഫോഴ്‌സ് യൂണിറ്റുകളെത്തിയാണ് തീ അണച്ചതെന്നും നാട്ടുകാർ പറയുന്നു.

അന്നത്തെ തീപിടിത്തത്തിന് ശേഷം ബാക്കിയുള്ള അവശിഷ്‌ടങ്ങൾ കൂട്ടിയിട്ടിരിക്കുന്ന സ്ഥലത്താണ് ഇന്നും തീപിടിത്തമുണ്ടായിരിക്കുന്നത്. അവശിഷ്‌ടങ്ങൾ ഇവിടെ നിന്ന് നീക്കണമെന്ന് പല തവണ പറഞ്ഞെങ്കിലും ഉടമ അതിന് തയ്യാറായില്ലെന്ന് പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞ മാസമുണ്ടായ തീപിടിത്തത്തിൽ പ്രദേശവാസികൾക്കും കനത്ത നാശനഷ്‌ടമുണ്ടായിരുന്നു. അതേസമയം തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല.

Related Articles

Back to top button