കുസാറ്റിൽ വീണ്ടും മരണം…വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി…

കൊച്ചി: കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ ബി ടെക് സിവിൽ എൻജിനീയറിങ് നാലാം വർഷം പഠിക്കുന്ന വിദ്യാർഥിനിയെ ഹിദായത്ത് നഗറിലെ വാടക മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സൗത്ത് പുതുവൈപ്പ് കോമത്തുരുത്ത് സ്വദേശികളായ ഓട്ടോറിക്ഷാ ഡ്രൈവർ സുദർശന്റെയും ഷൈജയുടെയും മകൾ കെഎസ് ദർശന (21) ആണ് മരിച്ചത്. സംഭവത്തിൽ വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി റിപ്പോർട്ട് തേടി. ചീഫ് സെക്യൂരിറ്റി ഓഫിസർ സിബിച്ചൻ ജോസഫിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. പരീക്ഷ ഉണ്ടായിരുന്നെങ്കിലും ദർശന പരീക്ഷ എഴുതാനെത്തിയിരുന്നില്ലെന്ന് അധ്യാപകർ അറിയിച്ചു. പരീക്ഷ കഴിഞ്ഞ് ഒപ്പം താമസിക്കുന്ന വിദ്യാർഥിനി മുറിയിലെത്തിയപ്പോൾ വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. പലവട്ടം വിളിച്ചിട്ടും പ്രതികരണമില്ലാതിരുന്നതോടെ സമീപവാസികളുടെ സഹായത്തോടെ വാതിൽ പൊളിച്ച് അകത്ത് കയറി. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അടുത്ത മാസം പരീക്ഷയുള്ളതിനാൽ കൂട്ടുകാരികളോടൊപ്പം ഹോസ്റ്റലിൽ താമസിച്ച് പഠിക്കണമെന്ന് പറഞ്ഞാണ് ഒരാഴ്ച മുൻപ് വീട്ടിൽ നിന്ന് പോയതെന്ന് ബന്ധുക്കൾ പറഞ്ഞു. വ്യക്തിപരമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അറിവില്ലെന്നും അവർ കൂട്ടിച്ചേർത്തു.



