പെൺകരുത്തിൽ കുതിക്കുന്ന സമ്പദ്‌വ്യവസ്ഥ…. വനിതാ പ്രാതിനിധ്യം വെറും ലിംഗസമത്വമല്ല, വികസനമെന്ന് പഠനം

രാജ്യത്ത് വനിതാ സംവരണ ബില്ലിനെ ചൊല്ലിയുള്ള ചർച്ചകൾ സജീവമായിരിക്കെ, നിർണ്ണായകമായ ഒരു റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നു. ഭരണതലത്തിൽ വനിതകളുടെ പങ്കാളിത്തം കൂടുന്നത് കേവലം ലിംഗസമത്വത്തിന് മാത്രമല്ല, മറിച്ച് രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ച് വ്യക്തമാക്കുന്നു.
‘വുമൺ ഇൻ പോളിസി മേക്കിംഗ്: സോഷ്യൽ സ്പെൻഡിംഗ് ആൻഡ് ഔട്ട്കംസ്’ എന്ന പേരിൽ NCAER പുറത്തിറക്കിയ 2025-ലെ വർക്കിംഗ് പേപ്പറിലാണ് വികസ്വര രാജ്യങ്ങളുടെ കണ്ണുതുറപ്പിക്കുന്ന വിവരങ്ങളുള്ളത്. സ്ത്രീകൾ നയരൂപീകരണത്തിൽ പങ്കാളികളാകുമ്പോൾ അത് സാമ്പത്തിക വികസനത്തിന് ആക്കം കൂട്ടുമെന്നാണ് പഠനം പറയുന്നത്. പാർലമെന്റിലും മന്ത്രിസഭയിലും സ്ത്രീകളുടെ എണ്ണം കൂടുമ്പോൾ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ സർക്കാർ ചെലവ് വർദ്ധിക്കുന്നു. ശിശുമരണനിരക്ക് കുറയ്ക്കാനും, ശുദ്ധജല ലഭ്യത ഉറപ്പാക്കാനും, കുട്ടികളുടെ തുടർവിദ്യാഭ്യാസം സാധ്യമാക്കാനും വനിതാ നേതാക്കളുടെ സാന്നിധ്യം സഹായിക്കുന്നു. പരിമിതമായ വിഭവങ്ങൾ കൊണ്ട് പരമാവധി നേട്ടമുണ്ടാക്കാൻ വനിതാ രാഷ്ട്രീയ നേതാക്കൾക്ക് പ്രത്യേക കഴിവുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
എന്നാൽ ആഗോള കണക്കുകൾ പരിശോധിക്കുമ്പോൾ ഇന്ത്യയുടെ അവസ്ഥ ഒട്ടും ആശാവഹമല്ല. അന്താരാഷ്ട്ര നാണ്യനിധിയുടെ (IMF) 2023-ലെ കണക്കുകൾ പ്രകാരം വികസിത രാജ്യങ്ങളിൽ ദേശീയ പാർലമെന്റുകളിൽ 34 ശതമാനം വനിതാ പങ്കാളിത്തമുള്ളപ്പോൾ ഇന്ത്യയിൽ ഇത് വെറും 15 ശതമാനം മാത്രമാണ്.
മന്ത്രിസഭകളിലെ പ്രാതിനിധ്യത്തിന്റെ കാര്യത്തിലും ഇന്ത്യ പിന്നിലാണ്. വികസിത രാജ്യങ്ങളിൽ 34 ശതമാനവും വികസ്വര രാജ്യങ്ങളിൽ 20 ശതമാനവും വനിതാ മന്ത്രിമാരുള്ളപ്പോൾ ഇന്ത്യയിൽ ഇത് കേവലം 7 ശതമാനത്തിൽ ഒതുങ്ങുന്നു. അൽബേനിയ, നിക്കരാഗ്വ, മൊസാംബിക് തുടങ്ങിയ രാജ്യങ്ങൾ വനിതാ പ്രാതിനിധ്യത്തിൽ ലോകത്തിന് മാതൃകയാകുമ്പോൾ, അതിവേഗ വളർച്ച ലക്ഷ്യമിടുന്ന ഇന്ത്യയ്ക്ക് ഈ കണക്കുകൾ ഒരു വെല്ലുവിളിയാണ്.
സ്ത്രീകൾ ഭരണത്തിൽ സജീവമായാൽ അത് രാജ്യത്തിന്റെ മൊത്തം സാമൂഹിക ഘടനയിൽ വലിയ മാറ്റമുണ്ടാക്കുമെന്നാണ് ഈ പഠനം അടിവരയിടുന്നത്. നയരൂപീകരണത്തിലെ ഈ ലിംഗ അസമത്വം പരിഹരിക്കപ്പെട്ടാൽ മാത്രമേ സുസ്ഥിരമായ വികസനം സാധ്യമാകൂ എന്ന് റിപ്പോർട്ട് ഓർമ്മിപ്പിക്കുന്നു.



