സർക്കാരിനും മുഖ്യമന്ത്രി വിഡി സതീശനും നന്ദി’; പൃഥ്വിരാജ്

യുഡിഎഫ് സർക്കാരിന്റെ ഒന്നാം ബജറ്റിൽ മലയാള സിനിമയ്ക്ക് നൽകിയ പരിഗണനയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ പൃഥ്വിരാജ് സുകുമാരൻ. ജെസി ഡാനിയേലിന്റെ പേരിൽ കൊച്ചിയിൽ ഫിലിംസിറ്റി സ്ഥാപിക്കുമെന്നും, സിനിമയെ വ്യവസായമാക്കുമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സന്തോഷവും അഭിമാനവും ആത്മവിശ്വാസവും നൽകുന്നുവെന്ന് പൃഥ്വിരാജ് പ്രതികരിച്ചു.
‘‘മലയാളസിനിമയുടെ സ്രഷ്ടാവ് എന്നുതന്നെ വിളിക്കാവുന്ന ശ്രീ.ജെ.സി.ഡാനിയേലിന്റെ പേരിൽ കൊച്ചിയിൽ ഫിലിംസിറ്റി സ്ഥാപിക്കുമെന്നും സിനിമയെ വ്യവസായമാക്കുമെന്നുമുള്ള സർക്കാരിന്റെ വാക്ക് ‘സെല്ലുലോയ്ഡി’നെ തൊട്ടുനിൽക്കുന്ന ഒരാളെന്നെ നിലയിൽ സന്തോഷവും അഭിമാനവും ആത്മവിശ്വാസവും നൽകുന്നു. ആന്റി പൈറസി സെൽ രൂപവത്കരിക്കുമെന്ന പ്രഖ്യാപനമാണ് ശ്രദ്ധേയമായ മറ്റൊന്ന്. അത് സിനിമാമേഖലയ്ക്കൊരു രക്ഷാകവചമാകുമെന്ന് പ്രതീക്ഷിക്കാം. രാജ്യാന്തര ചലച്ചിത്രോത്സവത്തിന് സ്ഥിരം വേദിയെന്നതുൾപ്പെടെ സിനിമയ്ക്ക് നൽകിയ മറ്റ് സമ്മാനങ്ങളും വിലപ്പെട്ടതാണ്. സർക്കാരിനും മുഖ്യമന്ത്രി വി.ഡി.സതീശനും സിനിമാമന്ത്രി പി.സി.വിഷ്ണുനാഥിനും നന്ദി.’’– എന്നായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം പ്രതികരിച്ചത്.
അതേസമയം, നടൻ മോഹൻലാലും സിനിമയെ വ്യവസായമായി പ്രഖ്യാപിച്ച ബജറ്റിലെ തീരുമാനത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ ആയിരുന്നു താരത്തിന്റ പ്രതികരണം. പുതിയ ബജറ്റിലൂടെ സിനിമയെ വ്യവസായമായി അംഗീകരിച്ച കേരള സർക്കാരിന്റെ തീരുമാനം ഏറെ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ നടപടി സിനിമാമേഖലയ്ക്ക് പുതിയ ഉണർവും വളർച്ചയും നൽകുമെന്നും, മേഖലയിലെ വികസനത്തിന് ശക്തമായ അടിത്തറയാകുമെന്നും മോഹൻലാൽ അഭിപ്രായപ്പെട്ടു. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികൾക്കും കലാകാരന്മാർക്കും സാങ്കേതിക പ്രവർത്തകർക്കും ഈ പ്രഖ്യാപനം പുതിയ പ്രതീക്ഷകളും കൂടുതൽ അവസരങ്ങളും സൃഷ്ടിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിൽ സിനിമ, സംഗീതം, ശാസ്ത്രീയ ഗവേഷണം, തുടങ്ങിയ മേഖലകൾക്ക് പ്രത്യേക പ്രാധാന്യം നൽകി നിരവധി പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാനത്തിന്റെ സിനിമാ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ കൊച്ചിയിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഫിലിം സിറ്റി സ്ഥാപിക്കാൻ 100 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. സിനിമാ ചിത്രീകരണം, പോസ്റ്റ് പ്രൊഡക്ഷൻ, പരിശീലനം, സാങ്കേതിക വികസനം തുടങ്ങിയ മേഖലകളെ ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരുന്ന പദ്ധതിയായിരിക്കും ഫിലിം സിറ്റിയെന്ന് സർക്കാർ വ്യക്തമാക്കി. ഇതിലൂടെ കേരളത്തെ ദേശീയ-അന്തർദേശീയ സിനിമാ നിർമ്മാണങ്ങളുടെ പ്രധാന കേന്ദ്രമായി മാറ്റാനാകുമെന്നാണ് പ്രതീക്ഷ.
സംഗീത-കലാരംഗങ്ങളുടെ വികസനത്തിനും പ്രത്യേക പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യുവ കലാകാരന്മാർക്ക് പ്രോത്സാഹനം നൽകുന്നതിനും സാംസ്കാരിക സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി അധിക ധനസഹായങ്ങളും പ്രഖ്യാപിച്ചു. പരമ്പരാഗത കലാരൂപങ്ങളുടെ സംരക്ഷണത്തിനും നവീന കലാസൃഷ്ടികൾക്ക് പിന്തുണ നൽകുന്നതിനും സർക്കാർ കൂടുതൽ ശ്രദ്ധ ചെലുത്തുമെന്ന് ബജറ്റിൽ വ്യക്തമാക്കുന്നു.



