നൊമ്പരമായി പാങ്ങ്, മൃതദേഹവുമായി ആംബുലന്‍സ് സ്കൂൾ മുറ്റത്ത്…

 വാല്‍പ്പാറ അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങളുമായി ആംബുലന്‍സുകള്‍ പാങ്ങ് എച്ച്എസ്എസിലേക്ക് എത്തി. പൊതുദര്‍ശനം അല്‍പ്പസമയത്തിനകം ആരംഭിക്കും. പാങ്ങ് ജിഎല്‍പി, ജിയുപി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ആദ്യം മൃതദേഹങ്ങള്‍ കാണുക. സ്‌കൂളിലെ പ്രധാനാദ്ധ്യാപിക അജിത ടീച്ചര്‍, അധ്യാപകരായ ആശ ടീച്ചര്‍, റംല ടീച്ചര്‍, ഷക്കീന ടീച്ചര്‍, മജീദ് മാസ്റ്റര്‍ അദ്ദേഹത്തിന്റെ ഭാര്യ റുഖിയ, സഹായി സാജിത, സുഹ്‌റ ടീച്ചര്‍, പന്ത്രണ്ടുവയസുകാരന്‍ ഹിഷാം എന്നിവരുടെ മൃതദേഹങ്ങളാണ് പൊതുദര്‍ശനത്തിനായി സ്‌കൂളിലേക്ക് എത്തിച്ചിരിക്കുന്നത്. ശേഷം അവരുടെ വീടുകളിലേക്ക് കൊണ്ടുപോകും. തുടര്‍ന്നായിരിക്കും സംസ്‌കാരം.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുളള മുഹമ്മദ് ഫായിസും നൗഷാദ് അലിയും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. 48 മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകു എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഷഹദിന്‍ മുഹമ്മദിനെ വാര്‍ഡിലേക്ക് മാറ്റി. ഷഹദിന്‍ അപകടനില തരണംചെയ്തിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ വിനയ് ഗോയല്‍ പറഞ്ഞു. സാഹചര്യം നോക്കി കേരളത്തിലേക്ക് മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒന്നര മണിക്കൂറാണ് സ്‌കൂളില്‍ പൊതുദര്‍ശനമുണ്ടാവുക. കുട്ടികള്‍ക്ക് വലിയ ഷോക്കാണ് ഉണ്ടായതെന്നും അവര്‍ക്ക് കൗണ്‍സലിംഗ് നല്‍കുമെന്നും കളക്ടര്‍ അറിയിച്ചു.

Related Articles

Back to top button