കരമനയാറ്റിൽ കുളിക്കാനിറങ്ങിയ സൈനികൻ ഒഴുക്കിൽപ്പെട്ടു… സൈനികനായി സ്കൂബ ടീമിന്റെ തിരച്ചിൽ തുടരുന്നു

തലസ്ഥാനത്തെ പേയാട് കാവടിക്കടവിൽ കരമനയാറ്റിൽ കുളിക്കാനിറങ്ങിയ സൈനികൻ ശക്തമായ ഒഴുക്കിൽപ്പെട്ട് കാണാതായി. പാങ്ങോട് മിലിട്ടറി ക്യാമ്പിലെ ഉദ്യോഗസ്ഥനും കോഴിക്കോട് സ്വദേശിയുമായ സുജിത്തിനെയാണ് കാണാതായത്. ഇന്ന് വൈകീട്ടോടെയായിരുന്നു നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്. പാങ്ങോട് മിലിട്ടറി ക്യാമ്പിലെ സുഹൃത്തുക്കളായ ബ്രിട്ടോ, അഭിജിത്ത്, ശ്രീയേഷ് എന്നിവർക്കൊപ്പമാണ് സുജിത്ത് കരമനയാറ്റിൽ കുളിക്കാനായി ഇറങ്ങിയത്. കുളിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി സുഹൃത്തുക്കൾ എല്ലാവരും പുഴയിലെ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റ് മൂന്ന് പേർ സാഹസികമായി നീന്തി കരയ്ക്കടുത്തുവെങ്കിലും സുജിത്തിന് ശക്തമായ ഒഴുക്കിനെ പ്രതിരോധിച്ച് കരയിലെത്താൻ സാധിച്ചില്ല.

സുജിത്ത് ഒഴുക്കിൽപ്പെടുന്നത് കണ്ട് കൂടെയുള്ളവരും നാട്ടുകാരും ഉടൻ തന്നെ ബഹളം വെക്കുകയും പോലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിക്കുകയുമായിരുന്നു. നിലവിൽ ഫയർഫോഴ്സിന്റെ പ്രത്യേക സ്‌കൂബാ ടീം സ്ഥലത്തെത്തി പുഴയിൽ വ്യാപകമായ തിരച്ചിൽ നടത്തുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പെയ്ത കനത്ത വേനൽ മഴയെ തുടർന്ന് കരമനയാറ്റിൽ ജലനിരപ്പ് വളരെയധികം ഉയർന്നിരിക്കുകയാണ്. ഇതിനൊപ്പം പുഴയിൽ അതിശക്തമായ അടിയൊഴുക്കുള്ളത് നിലവിൽ സ്കൂബ ടീമിന്റെ രക്ഷാപ്രവർത്തനത്തിന് കടുത്ത തടസ്സം സൃഷ്ടിക്കുന്നുണ്ട്. മുൻപും നിരവധി ആളുകൾ ഒഴുക്കിൽപ്പെട്ട് ജീവൻ നഷ്ടപ്പെട്ടിട്ടുള്ള അതീവ അപകടമേഖലയാണിത് എന്നാണ് പ്രദേശവാസികൾ പറയുന്നത്. സ്ഥലത്ത് പോലീസും നാട്ടുകാരും ക്യാമ്പ് ചെയ്യുന്നുണ്ട്.

Related Articles

Back to top button