രോഗിയായ യാത്രക്കാരന് ബസിൽ സീറ്റ് നല്‍കിയില്ല….സ്‌റ്റോപ്പിലിറക്കിയില്ല… കെഎസ്ആര്‍ടിസിക്ക് പിഴ…

രോഗിയായ യാത്രക്കാരനെ സീറ്റ് നല്‍കാത്തതിനും സ്‌റ്റോപ്പിലിറക്കാത്തതിനും കെഎസ്ആര്‍ടിസിക്ക് പിഴ. തോട്ടശ്ശേരിയറ സ്വദേശി മുഹമ്മദ് സൈനുദ്ദീന്‍ കോര്‍മത്തിന്റെ പരാതിയില്‍ 30,000 രൂപയാണ് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ പിഴയിട്ടത്.

കെഎസ്ആര്‍ടിസി എംഡിയാണ് പിഴ അടയ്ക്കേണ്ടത്. തൃശൂര്‍ ആമ്പല്ലൂരില്‍നിന്ന് മലപ്പുറം കൊളപ്പുറത്തേക്ക് പോകാനാണ് മുഹമ്മദ് സൈനുദ്ദീന്‍ ബസ്സില്‍ കയറിയത്. ഇരിക്കാന്‍ സീറ്റൊഴിവുണ്ടായിരുന്നില്ല. രോഗിയായതിനാല്‍ മൂന്നു മണിക്കൂര്‍ നിന്നുള്ള യാത്ര ബുദ്ധിമുട്ടാണെന്ന് കണ്ടക്ടറെ അറിയിച്ചു. തൃശൂരില്‍ നിന്ന് സീറ്റു കിട്ടുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

തൃശൂരിലെത്തിയപ്പോള്‍ ഒഴിഞ്ഞ സീറ്റുകളിലൊന്നില്‍ സൈനുദ്ദീന്‍ ഇരുന്നു.എന്നാല്‍ ബസ് പുറപ്പെട്ടപ്പോള്‍ ഒരു യാത്രക്കാരനെത്തി താന്‍ റിസര്‍വ് ചെയ്ത സീറ്റാണെന്നും ഒഴിയണമെന്നും അറിയിച്ചു. കണ്ടക്ടറും സീറ്റൊഴിയാന്‍ ആവശ്യപ്പെട്ടു. അതിനിടെ മറ്റ് സീറ്റുകളില്‍ യാത്രക്കാര്‍ ഇരിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് സൈനുദ്ദീന് അത്രയും ദൂരം നിന്ന് യാത്രചെയ്യേണ്ടിവന്നു. മാത്രമല്ല സര്‍വീസ് റോഡിലൂടെ പോകാതെ ദേശീയപാതയിലൂടെ പോയതിനാല്‍ കക്കാട് സ്റ്റോപ്പില്‍ ഇദ്ദേഹത്തിന് ഇറങ്ങാനായില്ല.

പകരം കൂരിയാട്ടാണ് ഇറങ്ങിയത്. ഇതേത്തുടര്‍ന്നാണ് ഉപഭോക്തൃ കമ്മീഷനില്‍ യാത്രക്കാരന്‍ പരാതി നല്‍കിയത്. തുടര്‍ന്നായിരുന്നു കെ മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി വി മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി.

25,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതി ചെലവും 45 ദിവസത്തിനകം പരാതിക്കാരന് നല്‍കണമെന്നും അല്ലെങ്കില്‍ ഒന്‍പത് ശതമാനം പലിശയടക്കം നല്‍കണമെന്നുമാണ് വിധിയില്‍ പറയുന്നത്.

Related Articles

Back to top button