കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് ലഭിച്ചത് 1473 കോടി രൂപയെന്ന് റിപ്പോർട്ട്

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് ലഭിച്ചത് 1473 കോടി രൂപയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോർട്ട്. എന്നാൽ ഇതിൽ 160 കോടി രൂപ മാത്രമാണ് പാർട്ടി തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി ചെലവഴിച്ചിരിക്കുന്നത്. വൻ തുക ഫണ്ടായി ലഭിച്ചതോടെ തെരഞ്ഞെടുപ്പിന് ശേഷം പാർട്ടിയുടെ ബാങ്ക് അക്കൗണ്ട് ബാലൻസ് 7627 കോടി രൂപയായി ഉയർന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ മൂന്നിടത്തെ മാത്രം ചെലവ് കണക്കുകളാണ് നിലവിൽ ലഭ്യമായിട്ടുള്ളത്. ഈ മൂന്ന് സംസ്ഥാനങ്ങളിലായി ആകെ 160 കോടി രൂപയാണ് ബിജെപി ചെലവഴിച്ചത്.
ഇതിൽ ഏറ്റവും കൂടുതൽ തുക വിനിയോഗിച്ചത് അസമിലാണ് – 96.3 കോടി രൂപ. തമിഴ്നാട്ടിൽ 5.6 കോടി രൂപയും പുതുച്ചേരിയിൽ 11.9 കോടി രൂപയുമാണ് പാർട്ടി തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കും മറ്റുമായി ചെലവിട്ടത്.ഏറ്റവും ശ്രദ്ധേയമായ കാര്യം, ശക്തമായ മത്സരം നടന്ന കേരളത്തിലെയും പശ്ചിമ ബംഗാളിലെയും തെരഞ്ഞെടുപ്പ് ചെലവുകളുടെ കണക്കുകൾ പാർട്ടി ഇതുവരെ പുറത്തുവിട്ടിട്ടില്ല എന്നതാണ്. കേരളത്തിൽ കൊടിതോരണങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ടും മറ്റും വലിയ തോതിലുള്ള ഫണ്ട് തിരിമറി നടന്നതായി നേരത്തെ ആരോപണങ്ങളും പാർട്ടിയിൽ ആഭ്യന്തര അതൃപ്തികളും ഉയർന്നിരുന്നു.
ഇത്തരം വിവാദങ്ങളുടെ പശ്ചാത്തലത്തിലാകാം കണക്കുകൾ പുറത്തുവിടാൻ നേതൃത്വം തയ്യാറാകാത്തത് എന്നാണ് സൂചനകൾ. തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് വലിയ തോതിൽ പണം എത്തിയതോടെ പാർട്ടിയുടെ ആകെ ബാങ്ക് ബാലൻസിലും വലിയ വർധനവാണുണ്ടായത്. തെരഞ്ഞെടുപ്പിന് മുൻപ്, അതായത് മാർച്ച് 15ലെ കണക്കുകൾ പ്രകാരം ബിജെപിയുടെ അക്കൗണ്ടിൽ 6726.6 കോടി രൂപയാണ് ഉണ്ടായിരുന്നത്. എന്നാൽ മെയ് മാസത്തിൽ തെരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയായതോടെ അക്കൗണ്ടിലെ തുക 7627.2 കോടിയായി ഉയർന്നു.



