കക്കോടി ബാലകൃഷ്ണന്റെ അപകടമരണത്തിൽ രണ്ട് വർഷത്തിന് ശേഷം വൻ വഴിത്തിരിവ്….. ഇടിച്ചത് പ്രായപൂർത്തിയാകാത്തവർ ഓടിച്ച ബൈക്ക്

കോഴിക്കോട്: കോഴിക്കോട് കക്കോടി സ്വദേശി ബാലകൃഷ്ണൻ റോഡപകടത്തിൽ മരിച്ച സംഭവത്തിൽ രണ്ട് വർഷത്തിന് ശേഷം വൻ വഴിത്തിരിവ്. അപകടത്തിനിടയാക്കിയത് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾ അതീവ വേഗതയിൽ ഓടിച്ച ബൈക്കാണെന്ന് പോലീസ് ഒടുവിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളായ വിദ്യാർത്ഥികളോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. പ്രതികൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ കോടതിയുടെ പ്രത്യേക അനുമതിയോടെ മാത്രമായിരിക്കും ഇവരെ ചോദ്യം ചെയ്യുക.

അതേസമയം, കേസിൽ പ്രതിയായ ഒരു വിദ്യാർത്ഥിയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം നൽകിയതിനും അപകടത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി ബൈക്ക് മോഡിഫൈ ചെയ്ത് മാറ്റിയതിനുമാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. 2024 ജനുവരി 12-ാം തീയതി രാത്രിയിലായിരുന്നു കക്കോടി കൂടത്തുംപൊയിൽ വെച്ച് കാൽനട യാത്രക്കാരനായ ബാലകൃഷ്ണനെ ബൈക്ക് ഇടിച്ചുവീഴ്ത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജനുവരി 13-ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരണപ്പെടുകയായിരുന്നു.

അപകടം നടന്ന കാലയളവിൽ ലോക്കൽ പോലീസ് കേസ് അന്വേഷിച്ചിരുന്നുവെങ്കിലും പ്രതികളെയോ വാഹനത്തെയോ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് പ്രതികളെ കണ്ടെത്താനാകാത്തതിനാൽ കേസ് അവസാനിപ്പിക്കാൻ അനുമതി തേടി പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ ഈ റിപ്പോർട്ട് തള്ളിയ കോടതി കേസിൽ വീണ്ടും വിശദമായ അന്വേഷണം നടത്താൻ പോലീസിന് കർശന ഉത്തരവ് നൽകുകയായിരുന്നു. കോടതി നിർദ്ദേശപ്രകാരം നടത്തിയ പുനരന്വേഷണത്തിലാണ് രണ്ട് വർഷത്തിന് ശേഷം പ്രതികളായ വിദ്യാർത്ഥികളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ പുറത്തുവരുന്നത്. അപകടം നടന്നയുടൻ തന്നെ കേസിൽ നിന്ന് രക്ഷപ്പെടാനായി വിദ്യാർത്ഥികളും ബന്ധുക്കളും ചേർന്ന് ആസൂത്രിത നീക്കമാണ് നടത്തിയത്. അപകടമുണ്ടാക്കിയ ബൈക്ക് തിരിച്ചറിയാതിരിക്കാൻ ഇതിന്റെ രൂപം പൂർണ്ണമായും മോഡിഫൈ ചെയ്ത് മാറ്റുകയായിരുന്നു. വണ്ടി മാറ്റിയെടുക്കാൻ സഹായിച്ചതും തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നതുമായ നാല് പേരെക്കൂടി ഇനി കേസിൽ പിടികൂടാനുണ്ട്. ഇവർക്കായുള്ള തിരച്ചിൽ പോലീസ് ശക്തമാക്കിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.

Related Articles

Back to top button