എസ് എം എ രോഗികൾക്ക് പ്രായപരിധിയില്ലാതെ സൗജന്യമായി മരുന്ന് നൽകാൻ സർക്കാർ തീരുമാനിച്ചതായി ആരോഗ്യമന്ത്രി കെ മുരളീധരന്….

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ എസ് എം എ രോഗികൾക്കും പ്രായപരിധിയില്ലാതെ സൗജന്യമായി മരുന്ന് നൽകാൻ സർക്കാർ തീരുമാനിച്ചതായി ആരോഗ്യമന്ത്രി കെ മുരളീധരന്. നിലവിൽ 12 വയസ്സുവരെയുള്ളവർക്ക് മാത്രമാണ് സൗജന്യ മരുന്ന് ലഭിച്ചിരുന്നത്. ആരോഗ്യ രംഗത്തെ കൊള്ളയും സ്വകാര്യ ആശുപത്രികളിലെ അമിത നിരക്ക് ഈടാക്കലും അവസാനിപ്പിക്കുന്നതിനായി പുതിയ ബിൽ അടുത്ത ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. കൂടാതെ എബോള ബാധിത രാജ്യങ്ങളിൽ നിന്ന് വരുന്നവരെ വിമാനത്താവളങ്ങളിൽ നിന്ന് നേരിട്ട് ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റുമെന്നും രോഗമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ പുറത്തേക്ക് വിടുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് താൻ ആരോഗ്യ വകുപ്പ് ഏറ്റെടുത്തതെന്നും കഴിഞ്ഞ സർക്കാരിലെ ആരോഗ്യ വകുപ്പിന്റെ പ്രവർത്തന രീതിയെയാണ് വിമർശിച്ചിട്ടുള്ളതെന്നും കെ മുരളീധരൻ വ്യക്തമാക്കി. സിസ്റ്റം പാളിയാൽ ശരിയാക്കേണ്ടയാളാണ് മന്ത്രിയെന്നും അതിനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫെയ്സ് ക്രീമുകളിൽ ഉപയോഗിക്കുന്നതിനേക്കാൾ മാരകമായ രാസവസ്തുക്കളാണ് പല ഭക്ഷണങ്ങളിലും ചേർക്കുന്നത്. ഇത് തടയാൻ കർശന നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. സ്വകാര്യ മേഖലയുടെ പകുതി ശമ്പളം പോലും ലഭിക്കാത്ത സർക്കാർ ഡോക്ടർമാരുടെ കഷ്ടപ്പാടുകൾ സമൂഹം കാണണമെന്നും അതുകൊണ്ടാണ് സ്റ്റാഫ് പാറ്റേൺ മാറ്റാൻ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.



